ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ വിവാദമായിരുന്നു ബാഴ്സയുടെ റഫറിക്ക് കോഴ നൽകിയെന്ന ആരോപണം. സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റിനാണ് 2001 മുതൽ 2018 വരെയുള്ള കാലയളവിൽ 7.3 മില്യൺ യൂറോ ബാഴ്സ കോഴയായി നൽകിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ബാഴ്സ മത്സരത്തിൽ അനധികൃതമായി ഇടപെട്ടു എന്ന പരാതിയെ സംബന്ധിച്ചുള്ള കൂടുതൽ വിശദമായ അന്വേഷണങ്ങൾക്കുള്ള ശ്രമം ഊർജിതമാക്കുകയാണ് ബാഴ്സയുടെ എതിരാളികളായ റയൽ മാഡ്രിഡ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മത്സരഫലം അനുകൂലമാക്കുന്നതിനായി ബാഴ്സ പണം നൽകി നടത്തിയ ഇടപെടലുകൾ ഒരു രീതിക്കും അംഗീകരിക്കാൻ സാധിക്കില്ലെന്നും അതിനാൽ തന്നെ ബാഴ്സയുടെ ഇത്തരം ഇടപെടലുകൾക്കെതിരെ നീതിയുക്തമായ അന്വേഷണം നടത്തണമെന്നുമാണ് റയൽ ആവശ്യപ്പെടുന്നത്.
“റയൽ മാഡ്രിഡ് ക്ലബ്ബ് ഈ കോഴ ആരോപണത്തെ വളരെ ഗൗരവകരമായി മനസിലാക്കുകയും നീതിക്ക് നിരക്കാത്ത ഈ പ്രവർത്തിക്കെതിരെ ക്ലബ്ബിനെ കൊണ്ട് ആവുന്ന വിധത്തിൽ നിയമത്തിന്റെ വഴിക്ക് പോരാട്ടം നടത്തുകയും ചെയ്യും.
കൂടാതെ പരാതിക്കാർക്കെതിരെ ക്ലബ്ബ് കക്ഷിചേരുകയും ചെയ്യും,’ വിഷയത്തിൽ ഔദ്യോഗികമായ സ്റ്റേറ്റ്മെന്റിലൂടെ റയൽ അറിയിച്ചു.
എന്നാൽ കോഴയാരോപണത്തെ ഗൗരവകരമായ രീതിയിൽ കാണുന്നില്ലെന്നും അന്വേഷണം വെറും നടപടി ക്രമത്തിന്റെ ഭാഗമാണെന്നുമാണ് ബാഴ്സലോണ ആരോപിച്ചത്.
അതേസമയം ലാ ലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. മാർച്ച് 20ന് റയൽ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോയിലും ബാഴ്സക്കെതിരെ പരാജയപ്പെട്ട റയലിന് അഭിമാന പ്രശ്നമാണ് മാർച്ച് 20 ന് ബാഴ്സക്കെതിരെയുള്ള മത്സരം.
Content Highlights:Real Madrid f.c to take legal action against Barcelona club for refereeing scandal