| Friday, 16th June 2023, 8:25 pm

'മോശം പെരുമാറ്റം മറ്റ് കളിക്കാരെ ബാധിക്കും'; ബ്രസീല്‍ സൂപ്പര്‍താരവുമായി സൈന്‍ ചെയ്യില്ലെന്ന് റയല്‍ മാഡ്രിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കരിം ബെന്‍സെമ പടിയിറങ്ങിയതോടെ ഒത്ത പകരക്കാരെ അന്വേഷിക്കുകയായിരുന്ന റയല്‍ മാഡ്രിഡ് പല താരങ്ങളെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ബെന്‍സെമയുടെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയിലേക്ക് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ചൂണ്ടിക്കാട്ടിയത് ടോട്ടന്‍ഹാം ഹോട്‌സ്പഴ്‌സിന്റെ ബാഴ്‌സലോണ സൂപ്പര്‍താരം റിച്ചാര്‍ലിസണെ ആയിരുന്നു.

റിച്ചാര്‍ലിസണെ ടീമിലെത്തിച്ചാല്‍ റയല്‍ മാഡ്രിഡിന്റെ അറ്റാക്കിങ് നിര കൂടുതല്‍ ശക്തമാകുമെന്ന് വിശ്വസിച്ച ആന്‍സലോട്ടി വിവരം പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരേസിനെ അറിയിക്കുകയായിരുന്നെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെന്നും സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു

റിച്ചാര്‍ലിസണിന്റെ പെരുമാറ്റത്തിലുള്ള പോരായ്മയാണ് റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പെരേസിനെ പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹതാരങ്ങളുമായും മാനേജ്മെന്റുമായും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന റിച്ചാര്‍ലിസണ്‍ റയലിന്റെ സ്‌ക്വാഡുമായി ഒത്തുപോകില്ലെന്ന് പെരേസ് അഭിപ്രായപ്പെട്ടതായും എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ഇംഗ്ലീഷ് യുവ മിഡ് ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാമിനെ റയല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ആറ് വര്‍ഷത്തെ കരാറില്‍ 19കാരന്‍ ലോസ് ബ്ലാങ്കോസ് ക്ലബ്ബിലെത്തുന്നത്. 103 ദശലക്ഷം യൂറോ നല്‍കിയാണ് താരത്തെ റയല്‍ സ്‌പെയ്‌നിലെത്തിച്ചത്.

2020ല്‍ ബെര്‍മിങ്ഹാം സിറ്റിയില്‍ നിന്ന് ഡോര്‍ട്ട്മുണ്ടിലെത്തിയ ബെല്ലിങ്ഹാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ബുണ്ടസ് ലിഗയില്‍ മികച്ച താരമായും ബെല്ലിങ്ഹാം തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിനായി കളിച്ച 92 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

Content Highlights: Real Madrid don’t want to sign with Richarlison

We use cookies to give you the best possible experience. Learn more