സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരാണ് റയൽ മാഡ്രിഡ്. 14 തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ലോകത്തെ മറ്റ് ക്ലബ്ബുകൾക്കൊക്കെ തന്നെ അസൂയാവഹമായ നേട്ടം കൈയ്യിലാക്കിയ ക്ലബ്ബിനെ അസൂയയോടെയാണ് മറ്റ് ക്ലബ്ബുകൾ നോക്കിക്കാണുന്നത്. നിലവിലെ സീസണിൽ ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ക്ലബ്ബ്.
എന്നാലിപ്പോൾ ക്ലബ്ബുമായുള്ള കരാർ പുതുക്കാൻ റയലിന്റെ പ്രതിരോധ നിര താരമായ നാച്ചോ ഫെർണാണ്ടസിന് താല്പര്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സ്പാനിഷ് മാധ്യമമായ റിലേവോയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
റയൽ മാഡ്രിഡ് കോച്ചായ കാർലോ ആൻസലോട്ടിയുമായുള്ള നാച്ചോയുടെ ബന്ധം സുഖകരമായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും. താരം ക്ലബ്ബിൽ സന്തോഷവാനല്ലെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.
അതിനാൽ തന്നെ താരം ക്ലബ്ബുമായുള്ള കരാർ നീട്ടാൻ സാധ്യതയില്ലെന്നാണ് റിലേവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വർഷങ്ങളായി റയൽ മാഡ്രിഡ് സ്‌ക്വാഡിലെ അഭിവാജ്യ ഘടകമായിരുന്ന നാച്ചോ ഈ സീസണിൽ ഭൂരിഭാഗം സമയവും ബെഞ്ചിലായിരുന്നു. 17 മത്സരങ്ങളിൽ മാത്രമാണ് റയലിന്റെ പ്രതിരോധ നിര കാക്കാൻ സ്പാനിഷ് താരമായ നാച്ചോ മൈതാനത്തിറങ്ങിയത്.
എന്നാൽ റയൽ സ്‌ക്വാഡിൽ മത്സരിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെങ്കിലും താരം പരിശീലന സെക്ഷനുകളിൽ ആവശ്യത്തിനേറെ സമയം ചിലവഴിക്കുന്നുണ്ട്.
എന്നാലും പ്രതിഭയും മത്സരപരിചയവുമുള്ള ഏറെ സീനിയറായ തനിക്ക് ക്ലബ്ബ് ആവശ്യത്തിന് പ്രാധാന്യം നൽകുകയും പരിഗണിക്കുകയും ചെയ്യാത്തതിൽ കടുത്ത നിരാശയിലാണ് നച്ചോ.
റെലേവോയുടെ റിപ്പോർട്ട് പ്രകാരം ആൻസലോട്ടി തന്നെ ഒരു പ്ലെയറായി പോലും പരിഗണിക്കുന്നില്ലെന്നാണ് നാച്ചോയുടെ അഭിപ്രായം. അതിനാൽ തന്നെ ക്ലബ്ബുമായുള്ള തുടർ കരാർ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
റയൽ മാഡ്രിഡ് ജൂനിയർ ടീമിൽ കളി പഠിച്ച നാച്ചോ പിന്നീട് സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുകയായിരുന്നു. റയലിനായി മൊത്തം 292 മത്സരങ്ങൾ കളിച്ച നാച്ചോ മാഡ്രിഡ് ടീമിനായി 15 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. മാഡ്രിഡിന്റെ മറ്റ് യൂറോപ്യൻ ക്ലബ്ബുകൾക്ക് മേലുള്ള മേധാവിത്വത്തിൽ വലിയ പങ്കു വഹിച്ച താരമാണ് നാച്ചോ.
Content Highlights:Real Madrid don’t treat well; nacho will not extend the contract; Report