നെയ്മറിനെ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല; നയം വ്യക്തമാക്കി റയല്‍ മാഡ്രിഡ്
Football
നെയ്മറിനെ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല; നയം വ്യക്തമാക്കി റയല്‍ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th July 2018, 9:06 am

മാഡ്രിഡ്: പി.എസ്.ജി താരം നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് കൂടു മാറുമെന്ന വാര്‍ത്ത തള്ളി റയല്‍ മാഡ്രിഡ്. നെയ്മറിനെ വാങ്ങാന്‍ യാതൊരു ശ്രമവും ഇപ്പോള്‍ നടക്കുന്നില്ലെന്ന് റയല്‍ മാഡ്രിഡ് വ്യക്തമാക്കി. റയല്‍ മാഡ്രിഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് കൂടുമാറിയപ്പോള്‍ നെയ്മര്‍ റയലിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനെ നിഷേധിച്ച് കൊണ്ടാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ് രംഗത്തെത്തിയിരിക്കുന്നത്.

അഥവാ നെയ്മറിനെ ഞങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അത് പിഎസ്ജിയുമായാകും സംസാരിക്കുക എന്നും റയല്‍ മാഡ്രിഡ് ഇറക്കിയ കുറിപ്പില്‍ പറയുന്നു.

ബാഴ്സലോണയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ നെയ്മറിന്റെ യാത്ര റയല്‍ മാഡ്രിഡിലേക്കാണെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ട്. നിലവിലെ റെക്കോര്‍ഡ് തുകകളെല്ലാം കാറ്റില്‍ പറത്തിയാകും നെയ്മര്‍ മാഡ്രിഡില്‍ പന്തുതട്ടാനെത്തുന്നതെന്നും സണ്‍ അടക്കമുള്ള അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Read Also : ലൂസേഴ്‌സ് ഫൈനല്‍ നടത്തുന്നത് ലോക മണ്ടത്തരമാണ്: തുറന്നടിച്ച് അലന്‍ ഷിയറര്‍


 

ബാഴ്‌സയില്‍ നിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയപ്പോള്‍ സ്ഥാപിച്ച തന്റെ തന്നെ റെക്കോര്‍ഡ് തുക പുതുക്കി ആഴ്ചയില്‍ 850000 പൗണ്ട് ലഭിക്കുന്ന തരത്തിലാണ് കരാര്‍ മുന്നോട്ട് പോകുന്നതെന്നായിരുന്നു സൂചന.

ആഴ്ചയില്‍ ഏഴരക്കോടിയിലധികം ഇന്ത്യന്‍ രൂപയാകും കരാര്‍ സാധ്യമായാല്‍ ലഭിക്കുക. വാര്‍ഷിക കണക്കെടുത്താല്‍ ഇത് നാലായിരം കോടിയോളം വരും. റയല്‍ മാഡ്രിഡിന്റെ മുഖമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് കൂടു മാറിയതോടെയാണ് നെയ്മറിന്റെ വിപണി മൂല്യം വര്‍ധിച്ചത്. ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനെ കണ്ടത്തേണ്ടത് റയലിന് അത്യന്താപേക്ഷിതമാകുകയാണ്. റയല്‍ അധികൃതര്‍ നെയ്മറിന്റെ അച്ഛനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇരുപത്തിയാറുകാരനായ നെയ്മറിന് റയലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തുന്നതിനൊപ്പം ലാ ലിഗയില്‍ വെന്നികൊടി പാറിക്കുന്നതുമാകും നെയ്മറിന് മുന്നിലെ ആദ്യ കടമ്പ. ക്ലബുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായതായും സണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.