Football
ജൂഡ് വീണ്ടും അവതരിച്ചു; ലാ ലിഗയിൽ റയൽ തേരോട്ടം തുടരുന്നു
ലാ ലിഗയിൽ റയൽ മാഡ്രിഡ് വിജയകുതിപ്പ് തുടരുന്നു. ഒസാസുനക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു റയലിന്റെ മിന്നും ജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാർ ആറാടുകയായിരുന്നു.
ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്‌ഹാം ഇരട്ടഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിൽ 4-3-1-2 എന്ന ഫോർമേഷനിലാണ് ആൻസലോട്ടി ടീമിനെ കളത്തിലിറക്കിയത്. അതേസമയം മറുഭാഗത്ത് 4-3-3 എന്ന ശൈലിയിലായിരുന്നു ഒസാസുന അണിനിരന്നത്.
മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. പെനാൽട്ടി ബോക്സിൽ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.
തുടർന്ന് മികച്ച മുന്നേറ്റങ്ങൾ റയൽ കാഴ്ചവെച്ചെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ റയൽ മാഡ്രിഡ് 1-0ത്തിന് മുന്നിട്ട് നിന്നു.
രണ്ടാം പകുതിയിൽ മത്സരത്തിന്റെ 54ാം മിനിട്ടിൽ ജൂഡ് വീണ്ടും ആതിഥേയർക്ക് വേണ്ടി ലീഡ് നേടി. പെനാൽട്ടി ബോക്സിന്റെ പുറത്ത് നിന്നും മികച്ച സ്കില്ലിലൂടെ മുന്നേറിയ താരം ബോക്സിൽ നിന്നും പോസ്റ്റിലേക്ക് പന്തെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 65ാം മിനിട്ടിൽ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് മൂന്നാം ഗോൾ നേടി. ഒസാസുനയുടെ പ്രതിരോധം കീറിമുറിച്ചുകൊണ്ടുള്ള പാസ് സ്വീകരിച്ച താരം ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പെനാൽട്ടി ബോക്സിൽ നിന്നും ഫിനിഷ് ചെയ്യുകയായിരുന്നു.
അഞ്ച് മിനിറ്റുകൾക്ക് ശേഷം 70ാം മിനിട്ടിൽ ജോസെലുവിന്റെ വകയായിരുന്നു നാലാം ഗോൾ. വിനീഷ്യസിൽ നിന്നും പന്ത് സ്വീകരിച്ച താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം ആതിഥേയർക്കൊപ്പമായിരുന്നു.
ജയത്തോടെ ലീഗിൽ ഒൻപത് മത്സരങ്ങളിൽ നിന്നും എട്ട് വിജയവും ഒരു തോൽവിയും അടക്കം 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയൽ.
ഒക്ടോബർ 21ന് സെവിയ്യക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. സെവിയ്യ ഹോം ഗ്രൗണ്ട് റാമൺ സാഞ്ചസ് പിസ്ജുവാൻ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Real Madrid continues the winning streak in La Liga.