കഴിഞ്ഞ വർഷമാണ് കിലിയൻ എംബാപ്പെ പി.എസ്.ജിയുമായുള്ള തന്റെ കരാർ പുതുക്കിയത്. ക്ലബ്ബുമായുള്ള കരാർ അവസാനിക്കാനിക്കാനിരിക്കെ ചില വൻകിട ക്ലബ്ബുകൾ താരത്തെ വലയം വെച്ചിരുന്നു. എന്നാൽ പി.എസ്.ജിയിൽ തുടരാനായിരുന്നു എംബാപ്പെയുടെ തീരുമാനം.
റയൽ മാഡ്രിഡ് ആണ് താരത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമം നടത്തിയ ക്ലബ്ബുകളിൽ പ്രധാനി. റയൽ എംബാപ്പയെ സ്വന്തമാക്കാൻ കഴിവതും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എംബാപ്പെ പി.എസ്.ജി വിടുന്നെന്നുള്ള വാർത്ത ഒരു വശത്ത് പ്രചരിക്കുമ്പോൾ മറുവശത്ത് റയൽ പഴയ ആഗ്രഹവുമായി വീണ്ടും എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
എന്നാൽ എംബാപ്പയെ സൈൻ ചെയ്യിക്കുന്നതിനെ കുറിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിയോട് ചോദിച്ചപ്പോൾ അവ്യക്തമായ മറുപടിയാണ് അദ്ദേഹം വാർത്താ ഏജൻസിയായ ആർ.എം.സി സ്‌പോർട്‌സിന് നൽകിയത്.
‘നിങ്ങൾക്കത് ചോദിക്കാനുള്ള ധൈര്യമുണ്ട്. എന്നാൽ അതിന് മറുപടി നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,’ എന്നാണ് ആൻസലോട്ടി പറഞ്ഞത്.
ലോകത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ഫുട്‌ബോളറാണ് കിലിയൻ എംബാപ്പെ. പി.എസ്.ജിയുടെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാലാണ് താരം ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
സഹതാരമായ നെയ്മറുമായ് രമ്യതയിലല്ലെന്ന വാർത്തയും വ്യാപകമായിരുന്നു. പിന്നീട് ലയണൽ മെസിയോട് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോഡിട്ടിരിക്കുകയാണ് താരം. മത്സരത്തിൽ പാരീസ് സെന്റ് ഷെർമാങ് ബെൻഫിക്കയോട് സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും 1-1 ആണ് സ്‌കോർ.
കിലിയൻ എംബാപ്പെയാണ് ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ പി.എസ്.ജിക്കായി ഗോൾ നേടിയത്. 39ാം മിനിറ്റിൽ എംബാപ്പെ സ്‌കോർ ചെയ്തതോടെ പി.എസ്.ജിക്കായി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി എന്ന റെക്കോർഡ് താരം സ്വന്തമാക്കി. 62ാം മിനിട്ടിൽ യാവോ മരിയോയുടെ പെനാൽറ്റി ഗോളിലാണ് ബെൻഫിക്ക സമനില പിടിച്ചത്.
നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി പി.എസ്.ജി ഗ്രൂപ്പിൽ ഒന്നാമതെത്തി. നെറ്റ് ഗോളുകളുടെ കണക്കിൽ പിന്നിൽ ഉള്ള ബെൻഫിക്കയാണ് രണ്ടാം സ്ഥാനത്ത്. അടുത്ത മത്സരത്തിൽ പി.എസ്.ജി മക്കാബി ഹൈഫയെ നേരിടുമ്പോൾ യുവന്റ്‌റസ് ആണ് ബെൻഫിക്കയുടെ എതിരാളി.
Content Highlights: Real Madrid coach Carlo Anceloti speaks about Mbappe’s signing