മാഡ്രിഡ്: 9 വര്‍ഷത്തെ റയല്‍ മാഡ്രിഡ് ജീവിതത്തിന് ശേഷം ഇറ്റാലിയന്‍ ക്ലബ് ജുവന്റസിലേക്ക് കൂടുമാറുന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വികാരനിര്‍ഭരമായ യാത്രയയപ്പുമായി റയല്‍ താരങ്ങള്‍.
തങ്ങളുടെ പ്രിയ താരമായ റോണോക്ക് ട്വിറ്ററിലൂടെയാണ് താരങ്ങള്‍ യാത്രയയപ്പ് നേര്‍ന്നത്.
മികച്ച കളിക്കാരന്‍, വലിയ വ്യക്തി റയല്‍ ആക്രമണനിരയിലെ സഹതാരം ഗാരേത് ബെയില്‍ ട്വിറ്ററില്‍ കുറിച്ചു. അഞ്ച് വര്‍ഷം നിനക്കൊപ്പം കളിക്കാന്‍ സാധിച്ചത് സന്തോഷം പകരുന്നു, ആശംസകള്‍ എന്നും ബെയിലിന്റെ കുറിപ്പിലുണ്ട്.
നിന്നില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു, ഞാന്‍ അത് ആസ്വദിച്ചു, ഞാന്‍ വിജയിച്ചു എന്നാണ് റയല്‍ മധ്യനിരയിലെ ബ്രസീലിയന്‍ താരം കാസമിറോ കുറിച്ചത്. എല്ലാത്തിനും നന്ദി എന്നും കാസമിറോ എഴുതുന്നു.
ക്രിസ്റ്റിയാനോ, നിന്റെ ഗോളുകള്‍ തന്ത്രങ്ങള്‍, പിന്നെ നമ്മള്‍ ഒരുമിച്ച് നേടിയ വിജയങ്ങള്‍ അവയെല്ലാം സംസാരിക്കട്ടെ. നീ റയലിന്റെ ചരിത്രത്തില്‍ ഒരു പ്രത്യേക ഇടം അര്‍ഹിക്കുന്നു. നിന്നെ ഞങ്ങള്‍ എന്നും ഓര്‍മിക്കും, ആശംസകള്‍. റയല്‍ പ്രതിരോധത്തിലെ വമ്പനും ക്യാപ്റ്റനുമായ സെര്‍ജിയോ റാമോസ് എഴുതുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ നേടിയ വിജയത്തില്‍ നിന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. യഥാര്‍ത്ഥ്യ വിജയി. നിന്റെ കൂടെ കളിക്കാനായത് സന്തോഷം പകരുന്നു. ആശംസകള്‍. റയല്‍ മധ്യനിരയിലെ ജര്‍മ്മന്‍ താരമായ ക്രൂസ് എഴുതുന്നു.
നിന്റെ കൂടെ കളിക്കാന്‍ സാധിച്ചത് ആനന്ദം പകരുന്നു. എല്ലാ വിധത്തിലും നീ ഒരു മാതൃകയാണ്. എല്ലാ ആശംസകളും നേരുന്നു. യുവതാരം മാർകോ അസെൻസിയോയുടെ വാക്കുകൾ.
33കാരനായ റൊണാള്‍ഡോ 112 മില്ല്യണ്‍ യൂറോയ്കാണ് റയലില്‍ നിന്നും ജുവന്റസിലെത്തുന്നത്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടാനും ക്രിസ്റ്റിയാനോക്ക് കഴിഞ്ഞിരുന്നു. ക്രിസ്റ്റിയാനോ ഉള്ളപ്പോള്‍ നാല് തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.