തോറ്റു മടുത്തു, ഒടുവിൽ ജയം; ചെൽസി വീണു, ഇനി റയലിന്റെ മുന്നിലുള്ളത് വലിയ ലക്ഷ്യം
Football
തോറ്റു മടുത്തു, ഒടുവിൽ ജയം; ചെൽസി വീണു, ഇനി റയലിന്റെ മുന്നിലുള്ളത് വലിയ ലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2024, 2:03 pm

പുതിയ സീസണിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരം ജയത്തോടെ അവസാനിപ്പിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് പരാജയപ്പെടുത്തിയത്.

ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലായിരുന്നു റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-2-1 എന്ന ഫോര്‍മേഷന്‍ ആയിരുന്നു ചെല്‍സി പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി 19ാം മിനിട്ടില്‍ ലൂക്കാസ് വാസ്‌കസിലൂടെ റയല്‍ ആണ് ആദ്യം ലീഡ് നേടിയത്. പിന്നീട് എട്ടു മിനിട്ടുകള്‍ക്ക് ശേഷം ഇബ്രാഹിം ഡയസി ലൂടെ റയല്‍ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ 39ാം മിനിട്ടില്‍ നോനി മദുകെയിലൂടെ ചെല്‍സി തിരിച്ചടിക്കുകയായിരുന്നു.

ഗോളുകള്‍ കൊണ്ട് സമ്പന്നമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ മത്സരത്തില്‍ ഗോളുകള്‍ ഒന്നും പിറന്നില്ല. സമനില ഗോളിനായി ചെല്‍സി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലോസ് ബ്ലാങ്കോസിന്റെ പ്രതിരോധം ശക്തമായി നില്‍ക്കുകയായിരുന്നു.

ഇതിനുമുമ്പ് നടന്ന രണ്ട് മത്സരങ്ങളിലും റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഇതിനുമുമ്പ് തങ്ങളുടെ ചിരവൈരികളായ ബാഴ്‌സലോണയോടും എ.സി മിലാനോടുമാണ് കാര്‍ലോ ആന്‍സലോട്ടിയും കൂട്ടരും പരാജയപ്പെട്ടത്. കറ്റാലന്‍മാര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയലിനെ വീഴ്ത്തിയപ്പോള്‍ ഇറ്റാലിയന്‍ വമ്പന്‍മാര്‍ എതിരില്ലാത്ത ഒരു ഗോളിനും റയലിനെ പരാജയപ്പെടുത്തി.

ഈ രണ്ടു മത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ചെല്‍സിക്കെതിരെ വിജയിച്ചു കൊണ്ട് ശക്തമായ തിരിച്ചുവരവാണ് ഹലാ മാഡ്രിഡ് നടത്തിയത്. ഈ വിജയം ടീമിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഓഗസ്റ്റ് 14ന് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പാണ് ഇനി റയലിന്റെ മുന്നിലുള്ളത്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍സും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്‍ഡയാണ് റയലിന്റെ എതിരാളികള്‍.

 

Content Highlight: Real Madrid Beat Chelsea in Pre Season Match