ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇപ്പോള്‍ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് റയല്‍ ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിന്റെ ആറാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആണിത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 68ാം മിനിട്ടില്‍ അല്‍ഫോണ്‍സോ ഡേവിസിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്.
എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ജോസേലുവിന്റെ ഇരട്ട ഗോളിലൂടെ റയല്‍ മാഡ്രിഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 88, 90+1 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ജോസേലുവിന്റെ ഗോളുകള്‍ പിറന്നത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റയല്‍ താരം സ്വന്തമാക്കി.
ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ പകരക്കാരനായി ഇറങ്ങി 2+ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് ജോസേലുവിനെ തേടിയെത്തിയത്. 2021ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റോഡ്രിഗോയും 2019 ബാഴ്‌സലോണക്കെതിരെ ജിനി വിജ്‌നാള്‍ഡും ആണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
മത്സരത്തിന്റെ സര്‍വ്വ മേഖലയിലും റയല്‍ ആയിരുന്നു മുന്നിട്ടു നിന്നത്. 19 ഷോട്ടുകളാണ് ബയേണിന്റെ പോസ്റ്റിലേക്ക് ഫയല്‍ ഉതിര്‍ത്തത് ഇതില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു.
മത്സരത്തില്‍ 42% മാത്രം ബോള്‍ പൊസഷന്‍ ഉണ്ടായിരുന്ന സന്ദര്‍ശകര്‍ എട്ട് ഷോട്ടുകളാണ് റയലിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ അഞ്ചെണ്ണം മാത്രമാണ് ജര്‍മന്‍ വമ്പന്മാര്‍ക്ക് ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.
ജൂണ്‍ രണ്ടിനാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് റയലിന്റെ എതിരാളികള്‍.