സ്പാനിഷ് എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ആവേശകരമായ വിജയം. ചിരവൈരികളായ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി വിജയഗോള്‍ നേടിയത്. ഈ തകര്‍പ്പന്‍ ഗോളിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇംഗ്ലണ്ട് താരത്തെ തേടിയെത്തിയത്.
ലാ ലിഗയില്‍ ബാഴ്‌സലോണക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് ജൂഡിന് സാധിച്ചത്. ഇതിനുമുമ്പ് ബാഴ്‌സലോണക്കെതിരെ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടിയത് മുന്‍ നെതര്‍ലാന്‍ഡ് താരം നിസ്റ്റല്‍റൂയ് ആയിരുന്നു. 2007ല്‍ ആയിരുന്നു ഡച്ച് താരം ഈ നേട്ടത്തില്‍ എത്തിയിരുന്നത്. നീണ്ട 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ 4-1-2-1-2 എന്ന ഫോര്‍മേഷനില്‍ ആണ് റയല്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു ബാഴ്‌സലോണ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സനിലൂടെ ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 18ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 69ാം മിനിട്ടില്‍ ഫെര്‍മിന്‍ ലോപ്പസിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. എന്നാല്‍ നാല് മിനിട്ടുകള്‍ മാത്രമേ ഗോളിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ലൂക്കാസ് വാസ്‌ക്കസിലൂടെ റയല്‍ മാഡ്രിഡ് വീണ്ടും ഒപ്പം പിടിക്കുകയായിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ജൂഡ് നേടിയ ഗോളിലൂടെ റയല്‍ മാഡ്രിഡ് ജയിച്ചു കയറുകയായിരുന്നു.
ജയത്തോടെ 32 മത്സരങ്ങളില്‍ നിന്നും 25 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 81 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 70 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ് ബാഴ്‌സലോണ.
ഏപ്രില്‍ 27ന് റയല്‍ സോസിഡാഡിനെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. സോസിഡാഡിന്റെ തട്ടകമായ അനോട്ട സ്റ്റേഡിയമാണ് വേദി. ഏപ്രില്‍ 30ന് നടക്കുന്ന മത്സരത്തില്‍ വലന്‍സി ആണ് ബാഴ്‌സയുടെ എതിരാളികള്‍. കറ്റാലന്‍മാരുടെ തട്ടകമായ ഒളിമ്പിക്‌സ് ലൂയിസ് കോമ്പനീസ് സ്റ്റേഡിയമാണ് വേദി.
Content Highlight: Real Madrid beat Barcelona in Spanish League