റൊണാള്‍ഡോയെ അല്ല, അല്‍ നസറില്‍ നിന്നും സൂപ്പര്‍ താരത്തെ പൊക്കാന്‍ റയല്‍ മാഡ്രിഡ്
Sports News
റൊണാള്‍ഡോയെ അല്ല, അല്‍ നസറില്‍ നിന്നും സൂപ്പര്‍ താരത്തെ പൊക്കാന്‍ റയല്‍ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th October 2024, 12:05 pm

 

അല്‍ നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരം അയ്‌മെരിക് ലപ്പോര്‍ട്ടെയെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ ഡിഫന്‍ഡര്‍മാര്‍ പരിക്കില്‍ വലയുന്നതിനാല്‍ പ്രതിരോധ നിരയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് റയല്‍ ലപ്പോര്‍ട്ടെയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

ഡാനി കാര്‍വഹാല്‍, എഡര്‍ മിലിറ്റാവോ, ഡേവിഡ് അലാബ എന്നിവരാണ് നിലവില്‍ പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്.

മാഡ്രിഡ് എക്‌സ്ട്രായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഫ്രീ ഏജന്റായി നില്‍ക്കവെ താരം റയലുമായി കരാറിലെത്താന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം സൗദി പ്രോ ലീഗ് തെരഞ്ഞെടുക്കുകയായിരുന്നു.

2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുമാണ് ലപ്പോര്‍ട്ടെ അല്‍ നസറിലെത്തുന്നത്. ശേഷം ലോസ് ബ്ലാങ്കോസുമായി ഒരു തരത്തിലുള്ള കോണ്‍ടാക്ടുകളും ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. മാര്‍ക്കയോടായിരുന്നു അല്‍ നസര്‍ സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ഒന്നും തന്നെ ഉണ്ടായിട്ടില്ല, അവര്‍ എന്നെ സമീപിച്ചിട്ടില്ല. സൗദി അറേബ്യയില്‍ എന്റെ കുടുംബവും ചുറ്റുപാടുമായും ഞാന്‍ ഏറെ അകലെയാണ്. ഭാവിയില്‍ യൂറോപ്പിലേക്ക് തന്നെ ചിലപ്പോള്‍ തിരിച്ചുപോയേക്കാം. ഒരു ഓഫര്‍ വന്നാല്‍ അത് ഞാനത് ചിലപ്പോള്‍ പരിഗണിക്കും,’ എന്നായിരുന്നു താരം പറഞ്ഞത്.

 

ലപ്പോര്‍ട്ടെക്ക് പുറമെ ആര്‍.ബി ലീപ്‌സീഗിന്റെ കാസ്റ്റെലോ ലുകേബ, പാല്‍മിറസിന്റെ വിടോര്‍ റീസ് എന്നിവരും റയലിന്റെ പരിഗണനയിലുണ്ട്. സമ്മര്‍ ട്രാന്‍സ്ഫറില്‍ കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാതിരുന്ന റയല്‍ ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ക്കായി ശ്രമിക്കുകയാണ്.

അതേസമയം, ലാലിഗയില്‍ ബാഴ്‌സക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍. ഒമ്പത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് സമനിലയുമായി 21 പോയിന്റാണ് റയലിനുള്ളത്.

ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 24 പോയിന്റാണ് ബാഴ്‌സക്കുള്ളത്.

ഒക്ടോബര്‍ 20നാണ് റയലിന്റെ അടുത്ത മത്സരം. ബാലൈഡോസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയാണ് എതിരാളികള്‍.

 

Content highlight: Real Madrid are reportedly trying to sign Al Nasr superstar Aymeric Laporte