ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലാ ലിഗയിൽ റയൽ മാഡ്രിഡും ഈ സീസണെ മികച്ചതാക്കി മാറ്റാനുള്ള കഠിനാധ്വാനത്തിലാണ്.
പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന യുണൈറ്റഡും ബാഴ്സയുടെ അപ്രമാധിത്യം തകർത്ത് ലാ ലിഗ കിരീടം സ്വപ്നം കാണുന്ന റയലും പുതിയ താരങ്ങളെ സ്‌ക്വാഡിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
എന്നാലിപ്പോൾ വമ്പൻ തുക നൽകി ഗോൺസാലോ റാമോസിനെ ക്ലബ്ബിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റയലും മാഞ്ചസ്റ്റർ യുണൈറ്റഡും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
120 മില്യൺ യൂറോ എന്ന വൻ തുകക്കാണ് റയലും മാഞ്ചസ്റ്റർ യുണൈറ്റഡും ഗോൺസാലോ റാമോസിനെ നോട്ടമിട്ടിരിക്കുന്നത്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ ഗോളടിച്ച് മുന്നേറുന്ന താരം ഈ സീസണിൽ ഇതുവരെ പോർച്ചുഗീസ് ക്ലബ്ബിനായി 34 മത്സരങ്ങളിൽ നിന്നും 23 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റാമോസ് നേടിയത്.
മുന്നേറ്റ നിരയിൽ യഥേഷ്ടം ഗോളടിച്ച് മുന്നേറാനുള്ള റാമോസിന്റെ കഴിവാണ് താരത്തെ ടീമിലെത്തിക്കാനായി റയലും യുണൈറ്റഡും പരസ്പരം മത്സരിക്കാനുള്ള കാരണം.
ഫിച്ചാജെസാണ് താരത്തെ തങ്ങളുടെ ക്യാമ്പിലേക്കെത്തിക്കാൻ റയലും യുണൈറ്റഡും ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
ഇവരെക്കൂടാതെ ചെൽസിയും റാമോസിനെ തങ്ങളുടെ സ്‌ക്വാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
ബെൻസെമക്ക് പകരക്കാരനായി കൊണ്ട് വരാനുള്ള താരങ്ങളുടെ പട്ടികയിലാണ് റാമോസിനെ റയൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെഗോസ്റ്റിനൊപ്പം ക്ലബ്ബിന്റെ മുന്നേറ്റ നിരയെ നയിക്കാനാണ് റാമോസിന്റെ സൈനിങ് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.
എന്നാൽ ബെൻഫിക്കയിൽ നിന്നും താരത്തെ സൈൻ ചെയ്യാൻ 120 മില്യൺ യൂറോ റിലീസ് ക്ലോസായി നൽകണമെന്ന് ദ സണ്ണാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡാർവിൻ ന്യൂനസിനെയും എൻസോ ഫെർണാണ്ടസിനെയും വൻ തുകക്ക് വിൽക്കാൻ കഴിഞ്ഞ ബെൻഫിക്കക്ക് റാമോസിനെ ക്കൂടി ട്രാൻസ്ഫർ ചെയ്യാൻ സാധിച്ചാൽ വൻ തുക കണ്ടെത്താൻ സാധിക്കും.
അതേസമയം പ്രീമിയർ ലീഗിൽ 25 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 49 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാൻ യുണൈറ്റഡ്.