ഫുട്ബോളിൽ മൈതാനത്തിലെ പോരാട്ടത്തിന് പുറമേ കളിക്കളത്തിന് പുറത്തേക്കും ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം തുടരുകയാണ്.
ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് റയൽ മാഡ്രിഡ് സൈൻ ചെയ്യാൻ തീരുമാനിച്ചിരുന്ന താരത്തെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്.
എൽ നാഷണലാണ് അറ്റ്ലാന്റക്ക് വേണ്ടി കളിക്കുന്ന ഡാനിഷ് താരമായ റാസ്മസ് ഹൊജ്ലാണ്ടിനെ ബയേൺ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
ബയേൺ മ്യൂണിക്കിലേക്ക് പുതുതായി നിയമിക്കപ്പെട്ട മുൻ ചെൽസി പരിശീലകനായ ടുഷേലാണ് റാസ്മസിനെ മ്യൂണിക്കിലേക്ക് എടുക്കാൻ മുൻ കയ്യെടുത്തിരിക്കുന്നത്.
അറ്റ്ലാന്റക്കായി പുറത്തെടുത്ത പ്രകടന മികവ് കണ്ടിട്ടാണ് റാസ്മസിനെ റയലിലേക്കെത്തിക്കാൻ പെരസ് ശ്രമങ്ങൾ ആരംഭിച്ചത്. വേഗതയും സ്കില്ലുമുള്ള താരത്തിന് ഡിഫൻസിന് അമിത പ്രാധാന്യമുള്ള ഇറ്റാലിയൻ ലീഗിൽ കളിച്ച് നല്ല പരിചയ സമ്പത്തുമുണ്ട്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജർമനി വിട്ട് സ്പെയ്നിലേക്ക് ചേക്കേറിയ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഒത്ത പകരക്കാരനായാണ് റാസ്മസിനെ ബയേൺ മ്യൂണിക്ക് കാണുന്നത്.
എറിക്ക് ചുപ്പോയേയും സാദിയോ മാനെയേയും ടീമിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ലെവൻഡോസ്കിക്ക് പറ്റിയ പകരക്കാരൻ ഇതുവരെയും തങ്ങളുടെ സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടില്ലെന്നാണ് ബയേണിന്റെ പക്ഷം.
അതേസമയം ലാ ലിഗയിൽ 26 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 56 പോയിന്റോടെ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ.