മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. അവിശ്വസനീയമായ അതിജീവനത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ ഇത്രയധികം കഷ്ടപ്പാടുകള്‍ സഹിക്കുമോ എന്ന് തോന്നിപ്പോകും. നോവലിലെ നജീബിന്റെ എല്ലാ നിസഹായാവസ്ഥയും കൃത്യമായി പ്രതിഫലിപ്പിക്കാന്‍ പൃഥ്വിരാജ് എന്ന നടന് സാധിച്ചു.
ചിത്രത്തിനായി താന്‍ തയാറെടുത്തത് മുതല്‍ നജീബ് എന്ന വ്യക്തിയെ കണ്ടിരുന്നില്ലെന്നും, ഷൂട്ടിന്റെ അവസാനമാണ് നജീബിനെ കണ്ടതെന്നും പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തിരശ്ശീലയിലെ നജീബും യഥാര്‍ത്ഥ നജീബും തമ്മില്‍ കണ്ടുമുട്ടിയതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
ആദ്യമായാണ് താന്‍ ചെയ്ത ഒരു കഥാപാത്രത്തെ നേരിട്ട് കാണുന്നതെന്നും, നജീബ് എന്ന വ്യക്തി അനുഭവിച്ച കഷ്ടപ്പാടിന്റെ ഒരു ശതമാനം പോലും തങ്ങള്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ലെന്നും പൃഥ്വി പറഞ്ഞു. മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് വന്ന ശേഷവും അവിടുത്തെ ഓര്‍മകള്‍ വേട്ടയാടിയിരുന്നോ എന്ന പൃഥ്വിയുടെ ചോദ്യത്തിന് നജീബിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘അവിടെ നിന്ന് രക്ഷപ്പെട്ട് വന്നതിന് ശേഷവും അവിടുത്തെ കാര്യങ്ങള്‍ സ്വപ്‌നം കാണാറുണ്ടായിരുന്നു. ആടുകളും അറബിയും ഒട്ടകങ്ങളും എല്ലാം സ്വപ്‌നത്തില്‍ വരാറുണ്ടായിരുന്നു. അവിടുത്തെ ജീവിതവും ഇടക്ക് സ്വപ്‌നം കാണാറുണ്ടായിരുന്നു. ജീവിതത്തില്‍ ഇനി ഒരിക്കലും ആ ഓര്‍മകള്‍ എന്റയുള്ളില്‍ നിന്ന് പോവില്ല. അത് ഉറപ്പാണ്.
ഈ നോവലിറങ്ങിയ ശേഷമാണ് എനിക്ക് എന്താണ് ശരിക്കും സംഭവിച്ചതെന്ന് പലരും അറിഞ്ഞത്. പിന്നെ ഈ നോവല്‍ കാരണം ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ പറ്റി. എന്തൊക്കെ വന്നാലും ഞാന്‍ അന്ന് ജീവിച്ച ആ സ്ഥലം എനിക്കിനി കാണണ്ട എന്നേയുള്ളൂ,’ നജീബ് പറഞ്ഞു.
Content Highlight: Real life Najeeb shares the experience with Prithviraj