| Saturday, 22nd April 2017, 10:02 pm

മനുഷ്യത്വമില്ലാത്ത 'സംരക്ഷകര്‍'; എച്ച്.ഐ.വി പോസിറ്റാവായ പെണ്‍കുട്ടികളെ കൊണ്ട് മാന്‍ഹോളിലെ മാലിന്യം കോരിപ്പിച്ച് അനാഥാലയം നടത്തിപ്പുകാര്‍, വീഡിയോ വൈറലായതോടെ വാര്‍ഡനുള്‍പ്പടെ പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: 200 ല്‍ അധികം കുട്ടികളുളള ഹൈദരാബാദിലെ ഉപ്പലിലെ അനാഥാലയത്തില്‍ അന്തേവാസികളെ കൊണ്ട് മാന്‍ഹോള്‍ വ്യത്തിയാക്കിപ്പിച്ചതിനെ തുടര്‍ന്ന് അനാഥാലയം നടത്തിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. എച്ച.ഐ.വി ബാധിതരായ പെണ്‍കുട്ടികളുള്‍പ്പടെയുള്ള അന്തേവാസികളെ നിര്‍ബന്ധിച്ച് മാന്‍ഹോള്‍ കഴുകിപ്പിക്കുകയായിരുന്നു.

മാന്‍ഹോള്‍ വൃത്തിയാക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ചുവന്ന ചുരിദാര്‍ ധരിച്ച, മുഖത്ത് സ്‌കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി മാന്‍ഹോളില്‍ നിന്നും മാലിന്യം ഒരു മഗ്ഗില്‍ കോരുന്നതായിരുന്നു വീഡിയോ. പെണ്‍കുട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മുതിര്‍ന്ന സ്ത്രീയേയും വീഡിയോയില്‍ കാണാം.

എ.ജി.എ.പി.ഇ ഓര്‍ഫന്‍ ഹോമിലെ പെണ്‍കുട്ടികളായിരുന്നു ക്രൂരതയ്ക്ക് ഇരയായത്. സ്വരൂപ് നഗര്‍ വാസിയായ ഒരാള്‍ സംഭവം കാണുകയും തുടര്‍ന്ന് രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അനാഥാലയത്തിലെ വാര്‍ഡനെതിരെ ചൈല്‍ഡ് ലേബര്‍ ആക്ട് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 ഉം അനുസരിച്ച് കേസെടുത്തതായി ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞതായി ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: ‘മഹത്തായ തിരിച്ചു വരവ്; ധോണിയേക്കാള്‍ മികച്ച ഫിനിഷറില്ല’; പറഞ്ഞതെല്ലാം വെള്ളം ചേര്‍ക്കാതെ വിഴുങ്ങി മഹിയ്ക്ക് പ്രശംസയുമായി പൂനെ ടീം ഉടമ


230 കുട്ടികള്‍ താമസിക്കുന്ന അനാഥാലയത്തില്‍ 90 പേര്‍ എച്ച്.ഐ.വി ബാധിതരാണ്. എച്ച്.ഐ.വി പോസിറ്റീവായ 12 പെണ്‍കുട്ടികളെ കൊണ്ട് മാന്‍ഹോള്‍ വൃത്തിയാക്കിപ്പിച്ചതായി പരാതി ലഭിച്ചതായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവ്സ്റ്റായ അച്യൂത റാവു പറയുന്നു.

We use cookies to give you the best possible experience. Learn more