| Thursday, 26th May 2022, 1:21 pm

കാരണവര്‍ വധക്കേസിലെ ഷെറിനാണോ ഉടലിലെ ഷൈനി? സംശയമുണര്‍ത്തി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ രതീഷ് രഘുനന്ദന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉടല്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിങ്ങനെ പ്രധാന താരങ്ങളുടെ പ്രകടനവും ചിത്രത്തിന്റെ ത്രില്ലിങ്ങ് വയലന്‍സും തന്നെയാണ് തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന ഘടകം എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. കുട്ടിച്ചായനായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

അതേസമയം യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്, എന്നാണ് ഉദാഹരണമടക്കം പറഞ്ഞുകൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ‘ഭാസ്‌കര കാരണവര്‍ വധക്കേസി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണോ ഉടല്‍ നിര്‍മിച്ചത് എന്നാണ് പ്രേക്ഷകരില്‍ ചിലര്‍ ചോദിക്കുന്നത്.

ആലപ്പുഴ ചെങ്ങന്നൂരില്‍ നടന്ന കാരണവര്‍ വധക്കേസില്‍, കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ മരുമകളായ ഷെറിന്‍ തന്നെയല്ലേ ചിലയിടങ്ങളിലെങ്കിലും ഉടല്‍ സിനിമയില്‍ ദുര്‍ഗ കൃഷ്ണ അവതരിപ്പിച്ച കുട്ടിച്ചായന്റെ മരുമകള്‍ ഷൈനി എന്നാണ് പ്രേക്ഷകരുടെ സംശയം.

ഷെറിന്‍

ഭര്‍തൃ പിതാവിന്റെ വധക്കേസിലെ പ്രതിയായിരുന്ന ഷെറിന്റെ വീട് കൊല്ലം പത്താനാപുരത്താണ്. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദനും പത്തനാപുരം സ്വദേശിയാണെന്നതാണ് പ്രേക്ഷകരില്‍ സംശയം ശക്തമാക്കുന്നത്. സ്വന്തം നാട്ടുകാരി നടത്തിയ കൊലപാതകകേസില്‍ നിന്നുമാണ് രതീഷ് രഘുനന്ദന്‍ ഉടല്‍ എഴുതിയത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

തന്റെ സുഹൃത്തുമായി ചേര്‍ന്ന് ഷെറിന്‍ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഉടലില്‍ ഷൈനി കൊലപാതകം നടത്തുന്നതും ഏറെക്കുറെ സമാനമായ രീതിയിലാണ്.

ഷൈനിയായുള്ള ദുര്‍ഗ കൃഷ്ണയുടെ വേഷപ്പകര്‍ച്ച ഏറെക്കുറെ ഷെറിന്റേതിന് സമാനമാണ് കാണാന്‍ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും സിനിമയിലുമായി നടന്ന രണ്ട് കൊലപാതകങ്ങളും ശ്വാസം മുട്ടിച്ചാണ് എന്നതും ഇതിന്റെ സംശയം ശക്തിയാക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷൈനി ഭര്‍തൃ പിതാവിനെ കൊന്നതായാണ് കേസെങ്കില്‍, സിനിമയില്‍ കൊല്ലുന്നത് കുട്ടിച്ചായനെയല്ല എന്നതും ശ്രദ്ധേയമാണ്.

ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, ഉടല്‍ എന്ന സിനിമയിലേക്ക് സംവിധായകന്‍ രതീഷ് രഘുനന്ദന്‍ എത്താന്‍ കാരണം കാരണവര്‍ വധക്കേസാണെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

2009 നവംബര്‍ ഏഴിനായിരുന്നു ഷെറിന്റെ ഭര്‍ത്താവിന്റെ പിതാവായിരുന്ന, ചെങ്ങന്നൂരിലെ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ കൊല്ലപ്പെട്ട നിലയില്‍ കാണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന്‍ പൊലീസ് പിടിയിലായത്.

Content Highlight: Real life karanavar murder case reference of Udal movie

We use cookies to give you the best possible experience. Learn more