| Monday, 6th August 2018, 11:02 pm

റയല്‍ വിരോധിയല്ല, എന്നാല്‍ ബാഴ്‌സക്കെതിരെ കളിക്കുന്ന എല്ലാവരും എന്റെ ശത്രുക്കള്‍: ആര്‍തുറോ വിദാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സിലോണയുടെ പുത്തന്‍ സൈനിംഗ് വിദാല്‍ ബാഴ്‌സയിലെത്തി. ഇന്ന് വൈകീട്ടാണ് താരത്തിന്റെ ഔദ്യോഗിക ക്ലബ് പ്രവേശനം സംബന്ധിച്ച് വീഡിയോകളും ചിത്രങ്ങളും ക്ലബ് പുറത്ത് വിട്ടത്. ശേഷം മാധ്യമങ്ങളെ കണ്ട താരം മനസ്സ് തുറന്നു.

“”എനിക്ക് റയല്‍ മാഡ്രിഡിനോട് കണക്കുകള്‍ ഒന്നും തീര്‍ക്കാനില്ല. എന്നാല്‍ ചാംപ്യന്‍സ് ലീഗിനോട് കണക്കുകള്‍ ഉണ്ട്. ബാഴ്‌സയില്‍ അത് നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ”” താരം പറഞ്ഞു.



വിദാല്‍ കളിച്ച രണ്ട് വര്‍ഷവും ബയണ്‍ മ്യൂണിക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. 2017ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും 2018ല്‍ സെമിഫൈനലിലുമാണ് ക്ലബ് പുറത്തായത്.

“”ഞാന്‍ റയല്‍ മാഡ്രിഡ് വിരോധിയല്ല, എന്നാല്‍ ഇനി മുതല്‍ ബാഴ്‌സക്കെതിരെ കളിക്കുന്ന എല്ലാ ക്ലബുകളും എന്റെ ശത്രുക്കളാണ്”” ചിലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

ബ്രസീലിയന്‍ താരം പൗളീഞ്ഞോ പോയ ഒഴിവിലേക്കാണ് താരം എത്തുന്നത്. താരത്തിന്റെ വരവ് പ്രഖ്യാപിച്ച ശേഷം റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിന് കളത്തില്‍ മറുപടി നല്‍കുമെന്ന വിധത്തില്‍ ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.



31കാരനായ താരം മൂന്ന് വര്‍ഷത്തെ കരാറാണ് ബാഴ്‌സലോണയുമായി ഉണ്ടാക്കിയിരിക്കുന്നത്. ബയണ്‍ മ്യൂണിക്കില്‍ എത്തുന്നതിന് മുമ്പ് യുവന്റസിന്റെ മധ്യനിര താരമായിരുന്നു ആര്‍തുറോ വിദാല്‍.

2015ലും 2016ലും കോപ്പ അമേരിക്ക നേടിയ ചിലി ടീമിലെ മുഖ്യതാരവും ആര്‍തുറോ വിദാലായിരുന്നു.

വിദാലിനെ കൂടാതെ, ബ്രസീലിയന്‍ താരങ്ങളായ മാല്‍ ക്കം, ആര്‍തര്‍ മെലോ, ഫ്രഞ്ച് താരം ക്ലമന്റെ ലെങ്ങ്‌ലെറ്റ് എന്നിവരെയാണ് ബാഴ്‌സിലോണ ക്യാംപിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട ചാംപ്യന്‍സ് ലീഗ് കിരീടം ഏത് വിധേനയും തിരിച്ച് പിടിക്കുക എന്നതാണ് ലക്ഷ്യമെന്ന് ക്ലബ് ഇതിലൂടെ വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം ചിരവൈരികളായ റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയ ഒഴിവിലേക്ക് ഇതുവരെ പുതിയ താരങ്ങളെ ഒന്നും എത്തിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more