| Friday, 15th May 2020, 11:42 am

കേരള മോഡലിന്റെ അവകാശം രാജഭരണത്തിന് ചാര്‍ത്തുന്ന ചരിത്രബോധമില്ലാത്ത ആന്റണിമാരറിയാന്‍

അരുണ്‍ ടി രമേഷ്

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 21 ശതമാനവും മദ്യവും, കഞ്ചാവും, കറുപ്പും വില്‍ക്കുന്നതില്‍ നിന്ന് കണ്ടെത്തിയിരുന്ന രാജ്യമേതെന്ന് അറിയുമോ? ആരോഗ്യ മേഖലയില്‍ ചെലവാക്കിയിരുന്നതിനേക്കാള്‍ വലിയ തുക, കൃഷിയ്ക്ക് വേണ്ടി ചെലവാക്കുന്നതിന്റെ 15 ഇരട്ടി കൊട്ടാരച്ചെലവുകള്‍ക്കു വേണ്ടി ചെലവാക്കിയിരുന്ന രാജ്യമേതെന്ന് അറിയുമോ?

തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലിയുടെ ഇരുപത് ഇരട്ടി ടാക്‌സ് അടയ്ക്കുന്നവര്‍ക്ക് മാത്രം വോട്ടവകാശമുണ്ടായിരുന്ന, പരമാവധി ദിവസക്കൂലിയുടെ നാലായിരം ഇരട്ടി വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇലക്ഷനില്‍ മല്‍സരിക്കാന്‍ കഴിയുമായിരുന്ന ജനപ്രതിനിധി സഭയുണ്ടായിരുന്ന രാജ്യം ?

ഭൂരിപക്ഷം ജനങ്ങളും പകലന്തിയോളം മണ്ണില്‍ പണിയെടുത്തിട്ടും ഭക്ഷ്യധാന്യങ്ങളില്‍ പോലും സ്വയം പര്യാപ്തയില്ലാതിരുന്ന രാജ്യം? തൊഴിലാളികളുടെ പണിമുടക്കുകള്‍ അടിച്ചമര്‍ത്തലിലും വെടിവെയ്പ്പിലും അവസാനിച്ചിരുന്ന രാജ്യം? ഫാക്ടറികള്‍ തുടങ്ങാന്‍ ശ്രമിക്കുകയും അത് പരാജയപ്പെട്ട് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുകയും ചെയ്ത രാജ്യം?

ഒരു വര്‍ഷം വ്യവസായങ്ങള്‍ക്ക് ചെലവാക്കുന്നതിനേക്കാള്‍ വലിയ തുക രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ സമ്മാനമായി പുരോഹിതര്‍ക്ക് കൊടുക്കുന്ന സ്വര്‍ണ്ണം വാങ്ങാന്‍ ചെലവഴിച്ചിരുന്ന രാജ്യം?

അത് കേരളം രാഷ്ട്രീയക്കാര്‍ ഭരിച്ചു നശിപ്പിക്കപ്പെട്ടുവെന്ന് പരാതി പറയുന്ന രാജഭക്തരുടെ സമ്പദ് സമൃദ്ധ ‘തിരുവിതാംകൂര്‍’ മഹാരാജ്യമാണ്.

മറ്റു നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് തിരുവിതാംകൂര്‍ സമ്പന്നമായിരുന്നതിന് പിന്നില്‍ സ്വന്തമായി ഭൂമിയോ മൂന്നു നേരം ആഹാരമോ ഇല്ലാതെ പണിയെടുത്തിരുന്ന പാവങ്ങളുടെ അധ്വാനമായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഇന്‍വെസ്റ്റ് ചെയ്തിരുന്നതിനും ഭരണ പരിഷ്‌ക്കാരങ്ങള്‍ക്കും പിന്നില്‍ ശക്തമായ കേരള നവോത്ഥാനത്തിനും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പങ്കുണ്ട്. ക്ഷേത്ര പ്രവേശന വിളംബംരമുണ്ടായത് ഒരു ദിവസം രാവിലെ രാജാവിനുണ്ടായ വെളിപാടിന്റെ പുറത്തല്ല, സംഘടിതമായ സമരങ്ങളുടെ ഫലമായിട്ടാണ്.

1879 ലെ തിരുവിതാംകൂര്‍ വാക്‌സിനേഷന്‍ വിളംബരം നിര്‍ബന്ധമാക്കിയത് ആഘോഷിക്കുന്നതിന് മുന്‍പ് 1838 ല്‍ തന്നെ 80% ബ്രിട്ടീഷ് സ്റ്റേറ്റുകളില്‍ അത് നിര്‍ബന്ധമായിരുന്നെന്നും 1892 ല്‍ ബ്രിട്ടീഷ് ഇന്ത്യ മുഴുവന്‍ അത് നടപ്പിലാക്കിയെന്നും അറിയണം. അക്കാലത്ത് തന്നെയാണ് ഡോ. പല്‍പുവിന് അവര്‍ണനായതിന്റെ പേരില്‍ തിരുവിതാംകൂറില്‍ മെഡിക്കല്‍ വിദ്യാഭ്യാസവും, പിന്നീട് മദ്രാസില്‍ നിന്ന് ഡോക്ടറായ ശേഷം പ്രാക്റ്റീസും നിഷേധിച്ചതെന്നും അദ്ദേഹം മൈസൂരില്‍ പോയി പ്ലേഗ് നിയന്ത്രിക്കുന്നതിലും ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതെന്നും അറിയണം.

രാജാക്കന്‍മാര്‍ തുടങ്ങിയ വ്യവസായങ്ങളൊക്കെ രാഷ്ട്രീയക്കാര്‍ നശിപ്പിച്ചുവെന്നും, ഭക്ഷ്യ സ്വയം പര്യാപ്തത നഷ്ടപ്പെട്ടെന്നും, മുഖ്യ വരുമാനം മദ്യത്തില്‍ നിന്ന് കണ്ടെത്തുന്ന രീതിയില്‍ കേരളം അധ:പതിച്ചെന്നും, ഇപ്പോഴും രാജഭരണമായിരുന്നെങ്കില്‍ പൊളിച്ചേനെയെന്നും പറയുന്ന രാജഭക്തരും കേരള മോഡലിന്റെ അവകാശം രാജഭരണത്തിന് ചാര്‍ത്തുന്ന ചരിത്രബോധമില്ലാത്ത ആന്റണിമാരും പഴയ കണക്കുകള്‍ കൂടി അറിയണം.

(Ref : Evolution and working of the government in Travancore. N. V. Rajkumar
The Indian Journal of Political Science. 1940)

അരുണ്‍ ടി രമേഷ്

We use cookies to give you the best possible experience. Learn more