ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തെ അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കള്‍. മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇന്ത്യാ ഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചതെന്ന് യുവമോര്‍ച്ച അധ്യക്ഷന്‍ തേജസ്വി സൂര്യ പറഞ്ഞു.
‘യഥാര്‍ത്ഥ കര്‍ഷകര്‍ ഒരിക്കലും ട്രാക്ടര്‍ കത്തിക്കില്ല. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിലര്‍ മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. എന്ത് തരം പ്രതിഷേധമാണിത്. മാധ്യമശ്രദ്ധ ലഭിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം’, തേജസ്വി സൂര്യ പറഞ്ഞു.
ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം കോണ്‍ഗ്രസിന്റെ നാടകമാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. കര്‍ഷകരുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ട്രാക്ടര്‍ കത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു മറ്റൊരു കേന്ദ്രമന്ത്രിയായ ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞത്.
തിങ്കളാഴ്ച രാവിലെയാണ് ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധക്കാര്‍ ട്രാക്ടറിന് തീയിട്ടത്. പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും അഗ്‌നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ദല്‍ഹി റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കര്‍ഷകര്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
പാര്‍ലമെന്റ് പാസാക്കിയ 2 കര്‍ഷക ബില്ലുകളും അവശ്യവസ്തു നിയമ ഭേദഗതി ബില്ലും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍, അവശ്യവസ്തു ഭേദഗതി ബില്‍ 2020 എന്നിവരാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ഇവ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Real Farmer Never Burns Tractor, Says BJP MP