മുംബൈ: രാജ്യത്തെ മുസ്‌ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ മതേതര പാര്‍ട്ടികളാണെന്ന് എ.ഐ.എം.ഐ.എം മഹാരാഷ്ട്ര പ്രസിഡന്റും ഔറംഗാബാദിലെ എം.പിയുമായ ഇംതിയാസ് ജലീല്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ജെ.പിയേക്കാള്‍ മുസ്‌ലിങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് മതേതര പാര്‍ട്ടികളാണെന്നാണ് ഇംതിയാസ് പറയുന്നത്.
‘മുസ്‌ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ഈ മതേതര കക്ഷികളാണ്. ബി.ജെ.പി എന്ന ശത്രുവിനെതിരെ പോരാടാന്‍ നിര്‍ബന്ധിതരാകുന്ന മുസ്‌ലിങ്ങള്‍ സവിശേഷമായ ഒരു ദുരവസ്ഥയെ അഭിമുഖീകരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റികഴിഞ്ഞാല് പിന്നില്‍ നിന്ന് കുത്താന്‍ മടിക്കാത്ത മതേതര പാര്‍ട്ടികള്‍ക്കെതിരേയും സ്വയം പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയിലാണ് മുസ്‌ലിങ്ങള്‍,’ ഇംതിയാസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനോട് സംവരണം ആവശ്യപ്പെട്ട് നിരന്തരം സമരം ചെയ്യേണ്ടി വരുന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ വിഷയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന ആരോപണം ശരിയാണെന്നും അത് തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ക്ക് തന്ന വാഗ്ദാനങ്ങളുടെ പശ്ചാത്തലത്തിലാണെന്നും ഇംതിയാസ് പറഞ്ഞു.
‘മുസ്‌ലിം സംവരണത്തിന്റെ കാര്യത്തില്‍ അവര്‍ എന്തിനാണ് മൗനം പാലിച്ചതെന്ന് ജനങ്ങള്‍ അവരോട് ചോദിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എ.ഐ.എം.ഐ.എമ്മിനെ ‘മതേതര കക്ഷികള്‍’ വോട്ട് ഭിന്നിപ്പിക്കുന്നവര്‍ എന്നാണ് വിളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്‌ലിം സംവരണത്തിനുള്ള ബില്‍ കൊണ്ടുവന്നാല്‍, വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ എ.ഐ.എം.ഐ.എം ഒരു സീറ്റില്‍ പോലും മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.