| Tuesday, 18th January 2022, 8:22 am

അദ്ദേഹത്തിന് രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റി സൂചനകള്‍ നല്‍കി പഞ്ചാബ് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള സൂചനകള്‍ നല്‍കി പഞ്ചാബ് കോണ്‍ഗ്രസ്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ് സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള സൂചനകള്‍ കോണ്‍ഗ്രസ് നല്‍കിയത്.

‘യഥാര്‍ത്ഥ മുഖ്യമന്ത്രി എന്നു പറയുന്നത് ബലമായി ആ കസേരയിലേക്ക് പിടിച്ചുകൊണ്ടിരുത്തുന്ന ആളായിരിക്കും. അദ്ദേഹം മുഖ്യമന്ത്രി കസേരക്കായി പരിശ്രമിക്കുകയോ ഞാനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നോ എനിക്കതിന് അര്‍ഹതയുണ്ടെന്നോ പറയില്ല.

ഒരു തരത്തില്‍ അദ്ദേഹം ഒരു ബാക്ക്‌ബെഞ്ചര്‍ ആയിരിക്കും, ഏറ്റവും പിന്നില്‍ നിന്നും മുന്നിലേക്ക് കൊണ്ടുവന്ന് നിങ്ങള്‍ക്കതിന് അര്‍ഹതയുണ്ട് എന്ന് പറയാന്‍ സാധിക്കുന്ന ആള്‍. അങ്ങനെയൊരു മുഖ്യമന്ത്രിക്ക് രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കും,’ എന്നാണ് സോനു വീഡിയോയില്‍ പറയുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സോനുവിന്റെ വീഡിയോയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ചന്നി തന്നെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന വ്യക്തമായ സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

കോണ്‍ഗ്രസിന്റെ ട്വീറ്റിന് പിന്നാലെ തന്നെ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസും സമാനമായ സന്ദേശം നല്‍കി. ‘ചരിത്രം പഠിപ്പിക്കുന്നത് ശക്തരായ ആളുകള്‍ ശക്തമായ സ്ഥലത്തുനിന്നുമാണ് വരുന്നത് എന്നാണ്. ചരിത്രം തെറ്റായിരുന്നു, ശക്തരായ ആളുകള്‍ അവരുടെ സ്ഥലത്തെ ശക്തമാക്കുന്നു. #കോണ്‍ഗ്രസ് വീണ്ടും വരും,’ എന്നാണ് ചന്നിയുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മാളവിക കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മോഗ മണ്ഡലത്തില്‍ നിന്നുമാണ് മാളവിക കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക.

പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി ഫെബ്രുവരി 20നാണ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ പഞ്ചാബില്‍ ഭരണം നിലനിലനിര്‍ത്തിയും മറ്റു സംസ്ഥാനങ്ങളില്‍ നിര്‍ണായകശക്തിയായി ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ അസ്ഥിത്വം ഉറപ്പുവരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലും അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രസക്തമാണ്. കോണ്‍ഗ്രസ് വിട്ടതിന് ശേഷം അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യവുമുണ്ടാക്കിയതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായി മാറിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: real-cm-will-be-someone-who-deserves-the-post-says-sonu-sood-in-video-shared-by-congress

We use cookies to give you the best possible experience. Learn more