'സുരരൈ പോട്ര്' കണ്ടവര്‍ തിരയുന്ന ആ പേര് 'ജി.ആര്‍ ഗോപിനാഥ്'
Movie Day
'സുരരൈ പോട്ര്' കണ്ടവര്‍ തിരയുന്ന ആ പേര് 'ജി.ആര്‍ ഗോപിനാഥ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th November 2020, 1:56 pm

സൂര്യയെ നായകനാക്കി സുധ കൊങ്ങാര സംവിധാനം ചെയ്ത ‘സുരരൈ പോട്ര്’ എന്ന ചിത്രം ഒ.ടി.ടി റിലീസിലൂടെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം കണ്ടുകഴിയുന്ന പ്രേക്ഷകരില്‍ ഭൂരിപക്ഷം പേരും പിന്നീട് തിരയുന്ന ഒരു പേരാണ് ജി.ആര്‍ ഗോപിനാഥ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്‌ളൈ – എ ഡെക്കാന്‍ ഒഡീസി’ എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ അവസാനഭാഗത്ത് നടന്‍ മാധവന്റെ ശബ്ദത്തില്‍ ജി.ആര്‍ ഗോപിനാഥിനെക്കുറിച്ച് വിശദീകരിക്കുന്നതുകൊണ്ട് കൂടിയാവാം ചിത്രം റിലീസ് ചെയ്യപ്പെട്ടതിന് ശേഷം ജി.ആര്‍ ഗോപിനാഥ് എന്ന സെര്‍ച്ച് ഗൂഗിളില്‍ വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിനിമയില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന മുഖ്യ കഥാപാത്രത്തിന്റെ പ്രധാന എതിരാളിയായായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ജാസ് എയര്‍ലൈന്‍സും യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്നും അന്വേഷിക്കുന്നവരുണ്ട്.

ജി.ആര്‍ ഗോപിനാഥും എയര്‍ ഡെക്കാനും

ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് ഒരു കാലത്ത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന വിമാനയാത്ര പില്‍ക്കാലത്ത് സാധ്യമാക്കിയതിന്റെ പിന്നില്‍ കര്‍ണാടക സ്വദേശിയായ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥും അദ്ദേഹത്തിന്റെ എയര്‍ലൈനായ എയര്‍ ഡെക്കാനുമായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പുനെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ് പിന്നീട് കരസേനയില്‍ സൈനികനായി പ്രവര്‍ത്തിച്ചു. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിലടക്കം പങ്കെടുത്ത അദ്ദേഹം തന്റെ 28-ാം വയസില്‍ സൈനിക സേവനം നിര്‍ത്തി വ്യവസായ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു.

ജി.ആര്‍ ഗോപിനാഥ് കരസേനയില്‍ ജോലി ചെയ്യുന്ന കാലത്ത്‌

ഹോട്ടല്‍ വ്യവസായം, ക്ഷീര വ്യവസായം, പട്ടുനൂല്‍കൃഷി, കോഴി വളര്‍ത്തല്‍, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഡീലിങ്ങ്, തുടങ്ങിയ നിരവധി മേഖലകളില്‍ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ എയര്‍ ഡെക്കാന്‍ എന്ന ബജറ്റ് ഫ്രണ്ട്‌ലി എയര്‍ലൈന്‍ ആരംഭിച്ചതോടെ വ്യവസായ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിക്കുകയായിരുന്നു.

സുഹൃത്തിനോടൊപ്പം ഹെലികോപ്റ്ററുകള്‍ വാടകയ്ക്കു നല്‍കുന്ന ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചുകൊണ്ടായിരുന്നു ഈ മേഖലയില്‍ ഗോപിനാഥിന്റെ തുടക്കം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായിരുന്നു കൂടുതലും അന്ന് ഡക്കാന്‍ ഏവിയേഷനെ ആശ്രയിച്ചിരുന്നത്. പിന്നീട് ഇന്ത്യയും ശ്രീലങ്കയും അടങ്ങുന്ന മേഖലകളിലെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ എയര്‍ ചാര്‍ട്ടര്‍ കമ്പനികളിലൊന്നായി ഡക്കാന്‍ ഏവിയേഷന്‍ മാറി.

സാധാരണക്കാര്‍ക്ക് കൂടി വ്യോഗമഗതാഗതത്തെ ആശ്രയിക്കാന്‍ കഴിയുക എന്നത് ജി.ആര്‍ ഗോപിനാഥിന്റെ സ്വപ്‌നമായിരുന്നു. 2003 ല്‍ എയര്‍ ഡക്കാന്‍ രൂപം കൊണ്ടു. 2003 ഓഗസ്റ്റ് 25 ന് ബെംഗളൂരുവില്‍ നിന്നും ഹുബ്ലിയിലേക്ക് ആയിരുന്നു എയര്‍ ഡെക്കാന്റെ ആദ്യത്തെ പറക്കല്‍. ആ സമയത്ത് രണ്ട് ATR 42 എയര്‍ക്രാഫ്റ്റുകള്‍ മാത്രമായിരുന്നു എയര്‍ ഡെക്കാന്റെ ഫ്ലീറ്റില്‍ ഉണ്ടായിരുന്നത്.

ജി.ആര്‍ ഗോപിനാഥ്

സാധാരണക്കാര്‍ക്ക് വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എയര്‍ ഡെക്കാന്‍ ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്തേക്ക് ഇറങ്ങിയത് എന്നതിനാല്‍ ഇന്ത്യയിലെ മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് എയര്‍ ഡെക്കാനില്‍ ടിക്കറ്റ് ചാര്‍ജ്ജുകള്‍ വളരെ കുറവായിരുന്നു. മാത്രവുമല്ല മറ്റ് എയര്‍ലൈനുകള്‍ വേണ്ടവിധത്തില്‍ സര്‍വ്വീസ് നടത്താതിരുന്ന സ്ഥലങ്ങളിലേക്ക് എയര്‍ ഡെക്കാന്‍ സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെ തന്നെ എയര്‍ ഡെക്കാന്‍ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു.

2004 ല്‍ രണ്ട് എയര്‍ബസ് A320 വിമാനങ്ങള്‍ എയര്‍ ഡെക്കാന്‍ സ്വന്തമായി വാങ്ങുകയും അഞ്ചെണ്ണം പാട്ടത്തിനെടുക്കുകയും ചെയ്തു. ആ വര്‍ഷം അവസാനത്തോടെ എയര്‍ ഡെക്കാന്‍ 30 എയര്‍ബസ് A320 വിമാനങ്ങള്‍ക്കും, 2005 ഫെബ്രുവരിയില്‍ 30 ATR 72 വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കി.

2005 -2006 കാലഘട്ടത്തില്‍ എയര്‍ ഡെക്കാനില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. ഇക്കോണമി ക്ളാസ്സുകള്‍ മാത്രമായിരുന്നു എയര്‍ ഡെക്കാന്‍ വിമാനങ്ങളിലുണ്ടായിരുന്നത്. ബഡ്ജറ്റ് എയര്‍ലൈന്‍ ആയിരുന്നതിനാല്‍ വിമാനത്തില്‍ ലഭിക്കുന്ന ഭക്ഷണത്തിനും മറ്റും പ്രത്യേകം ചാര്‍ജ്ജുകള്‍ യാത്രക്കാര്‍ കൊടുക്കണമായിരുന്നു. മലയാള നടന്‍ മുരളി അഭിനയിച്ച എയര്‍ ഡെക്കാന്റെ പരസ്യചിത്രം അന്നുമിന്നും ഇന്ത്യയിലെ മികച്ച പരസ്യചിത്രങ്ങളില്‍ ഒന്നാണ്.

ഇന്ത്യന്‍ വ്യോമഗതാഗ മേഖലയുടെ 22 ശതമാനം വിഹിതം പതിയെ എയര്‍ ഡെക്കാന്‍ സ്വന്തമാക്കി. 2006 ല്‍ 19% മാര്‍ക്കറ്റ് ഷെയറുകളും, 55 ആഭ്യന്തര ലക്ഷ്യ സ്ഥാനങ്ങളും, 30 എയര്‍ക്രാഫ്റ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയര്‍ലൈന്‍ എന്ന ഖ്യാതി എയര്‍ ഡെക്കാന്‍ നേടി. 2006 -2007 വര്‍ഷങ്ങളിലും എയര്‍ ഡെക്കാനിലെ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കണക്കുകള്‍ പ്രകാരം 2007 ല്‍ എയര്‍ ഡെക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈന്‍ എന്ന നിലയില്‍ എത്തിച്ചേര്‍ന്നു.

രാജ്യത്തെ വ്യോമയാന മേഖലയില്‍ മത്സരം കടുത്തപ്പോള്‍ അത് എയര്‍ ഡക്കാനെയും പ്രതികൂലമായി ബാധിച്ചു. ജി.ആര്‍ ഗോപിനാഥ് പതിയെ സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ടു. 2007 മെയ് മാസത്തിന്റെ തുടക്കത്തില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായ വിജയ് മല്യ എയര്‍ ഡെക്കാന്‍ സ്വന്തമാക്കുവാന്‍ പോകുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നു. ജി.ആര്‍. ഗോപിനാഥ് ”താനും മല്യയും സൗരയൂഥത്തിലെ വ്യത്യസ്തങ്ങളായ രണ്ട് ഗ്രഹങ്ങളാണ്” എന്നായിരുന്നു ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ആ നിലയില്‍ തുടരാനായില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെ മദ്യരാജാവായ വിജയ് മല്യയ്ക്ക് എയര്‍ ഡക്കാന്‍ വില്‍ക്കാന്‍ ക്യാപ്റ്റന്‍ ഗോപിനാഥ് നിര്‍ബന്ധിതനായി. എയര്‍ ഡക്കാന്‍ ഏറ്റെടുത്ത് കിങ്ഫിഷര്‍ റെഡ് എന്ന പേരില്‍ മല്യ സര്‍വീസ് ആരംഭിച്ചു. പിന്നീട് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടുകയും മല്യ രാജ്യം നാടുവിടുകയും ചെയ്തു. എയര്‍ ഡക്കാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ ഗോപിനാഥ് ഡക്കാന്‍ 360 എന്ന പേരില്‍ വിമാനമാര്‍ഗമുള്ള ചരക്ക് നീക്കം ആരംഭിച്ചു. എന്നാല്‍ അതും പ്രതിസന്ധിയിലായി. 2013ല്‍ ഡക്കാന്‍ 360യും പ്രവര്‍ത്തനം നിര്‍ത്തി.

ജി.ആര്‍ ഗോപിനാഥും വിജയ് മല്യയും

വര്‍ഷങ്ങള്‍ക്കു ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക വിമാന സര്‍വീസുകളുടെ പദ്ധതിയായ ഉഡാനില്‍ പങ്കാളിയായതോടെ എയര്‍ ഡെക്കാന് വീണ്ടും ചിറകു മുളച്ചു. 2017 ല്‍ ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് എയര്‍ഡെക്കാന്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 2017 അവസാനത്തോടെ മുംബൈയില്‍ നിന്ന് ജല്‍ഗാവിലേക്ക് പറന്നുകൊണ്ട് എയര്‍ ഡെക്കാന്‍ തന്റെ രണ്ടാം വരവ് അറിയിച്ചു.

ബീച്ച്ക്രാഫ്റ്റ് 1900D എന്ന മോഡലിലുള്ള രണ്ടു ചെറുവിമാനമാണ് ഇന്ന് എയര്‍ ഡെക്കാന്‍ ഫ്ലീറ്റില്‍ ഉള്ളത്. നിലവില്‍ മൂന്നു ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയര്‍ ഡെക്കാന്‍ സര്‍വ്വീസ് നടത്തുന്നത്. 2020 ല്‍ കൊറോണ വൈറസ് വ്യാപനം മൂലം വിമാന സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാതെ വന്നതോടെ എയര്‍ ഡെക്കാന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിയും വന്നു.

പാവപ്പെട്ട ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിക്കുകയും, കന്നഡ മീഡിയത്തില്‍ പഠിക്കുകയും ചെയ്ത്, പിന്നീട് കൃഷിയിലും ഹോട്ടല്‍ മേഖലയിലും പ്രവര്‍ത്തനമാരംഭിച്ച് ഏവിയേഷന്‍ രംഗത്ത് വന്‍ സാമ്രാജ്യം പണിതുയര്‍ത്തിയ ഗോപിനാഥിന്റെ നേട്ടങ്ങള്‍ ആരെയും ആവേശ ഭരിതമാക്കുന്നതാണ്. ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ‘സൂരറൈ പോട്ര്’ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ ഒരുകാലഘട്ടത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: G.R Gopinath’s Life, Air Deccan, Soorarai Pottru