| Sunday, 11th November 2018, 10:09 am

'ഞാന്‍ ടീമിനൊപ്പമുണ്ട്' അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അനസ് എടത്തൊടിക

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായുള്ള അരങ്ങേറ്റം വൈകുന്നത് സംബന്ധിച്ച് പ്രതികരണവുമായി അനസ് എടത്തൊടിക. അവസരത്തിനായി താന്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും താന്‍ ടീമിനോടൊപ്പം തന്നെയാണ് ഉള്ളതെന്നും അനസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ഒരു പ്രൊഫഷണല്‍ ക്ലബ്ബാണ്. 25 കളിക്കാരുണ്ട്. ബെഞ്ച് ഉള്‍പ്പെടെ ശക്തമായ ടീമാണ്. പ്രതിരോധത്തില്‍ ശക്തരായ എട്ടു താരങ്ങളുണ്ട്. ആരൊക്കെയാണ് ആദ്യ പതിനൊന്നില്‍ കളിക്കുന്നതെന്ന് തീരുമാനിക്കുന്നത് കോച്ചാണ്. സൂപ്പര്‍കപ്പിലെ റെഡ്കാര്‍ഡ് മൂലം ആദ്യ മൂന്നു മത്സരങ്ങള്‍ നഷ്ടമായി. അതിനിടെ ടീം മികച്ച ഒത്തിണക്കം നേടിയിരുന്നു. അതുകൊണ്ട് പെട്ടെന്നൊരു മാറ്റം ആവശ്യമായിരുന്നില്ല. അവസരം ലഭിക്കട്ടെ അതിനായി കാത്തിരിക്കാമെന്നും അനസ് പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് പ്രതിരോധത്തിലെ പിഴവ് കൊണ്ടല്ലെന്നും എതിര്‍ ടീം വളരെ ശക്തരായിരുന്നുവെന്നും അനസ് പറഞ്ഞു.

ഐ.എസ്.എല്ലില്‍ ആറു മത്സരങ്ങള്‍ കഴിയുമ്പോള്‍ അനസിന് ഇതുവരെ ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാന്‍ സാധിച്ചിട്ടില്ല. ഐ.എം വിജയനടക്കമുള്ള മുന്‍ താരങ്ങള്‍ അനസിനെ പുറത്തു നിര്‍ത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. അതേ സമയം തിങ്കാളാഴ്ച ഗോവയ്‌ക്കെതിരായ മത്സരത്തില്‍ അനസ് ഇറങ്ങുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more