മോദിയുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാര്‍, പക്ഷെ മോദിക്ക് ഭയമായിരിക്കും: രാഹുല്‍ ഗാന്ധി
India
മോദിയുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാര്‍, പക്ഷെ മോദിക്ക് ഭയമായിരിക്കും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2024, 11:31 am

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനു തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഖ്നൗവില്‍ സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംവിധാന്‍ സമ്മേളന്‍ പരിപാടിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രധാനമന്ത്രിയുമായി ഒരു പൊതു സംവാദത്തിന് ഞാന്‍ തയ്യാറാണ്. പൊതു സംവാദം ആരാഗ്യകരമായ ജനാധിപത്യത്തിന് വഴി തെളിക്കും. ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഞാന്‍ ഒരുക്കമാണ് ‘ രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്തി മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടിയുടെ പിശകുകള്‍ തിരുത്തണമെങ്കില്‍ രാഷ്ട്രീയത്തിന്റെ ശൈലി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയിലെയും ദല്‍ഹി ഹൈക്കോടതിയിലെയും മുന്‍ ജഡ്ജിമാരായ മദന്‍ ലോക്കൂറും എ.പി ഷായും ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാമുമായി ചേര്‍ന്ന് വ്യാഴാഴ്ച മോദിയെയും രാഹുല്‍ ഗാന്ധിയെയും ഒരു പൊതു സംവാദത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ മറുപടി.

പക്ഷപാതരഹിതവും വാണിജ്യേതരവുമായ ഒരു വേദിയിലുള്ള ഒരു പൊതു സംവാദം പൗരന്മാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും മുന്‍ ജഡ്ജിമാരും പത്രപ്രവര്‍ത്തകരും രണ്ട് രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയ കത്തില്‍ പറയുന്നു.

പൊതു സംവാദം ജനങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തങ്ങളുടെ പ്രകടന പത്രികകളെക്കുറിച്ചും സാമൂഹിക നീതിയിലധിഷ്ഠിതമായ പദ്ധതികളെ കുറിച്ചും പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

കോണ്‍ഗ്രസിന് സംവാദത്തില്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, മോദിക്ക് സംവാദത്തിന് കഴിയില്ലെന്നും, അദ്ദേഹം അതിനൊരിക്കലും തയ്യാറാകില്ലെന്നും പറഞ്ഞു.

Content Highlight: Ready to take on PM Modi in public debate, but he won’t agree: Rahul Gandhi