രാജ്ഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ നാലാംഘട്ട പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാരണാസിയില്‍ മോദിക്കെതിരെയോ വിദിഷയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയോ മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ രാജ്ഗഡില്‍ നിന്ന് മത്സരിക്കാനാണ് പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടത്. അതിനാല്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കും,’ ദിഗ്‌വിജയ് സിങ് പറഞ്ഞു.
പത്ത് വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നിട്ടും എന്ത് കൊണ്ടാണ് അദ്ദേഹം തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറാകാത്തതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് യു.പി പി.സി.സി ഘടകം തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ പ്രാവശ്യവും മോദിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ആണ് മത്സരിപ്പിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഒടുവില്‍ യു.പി പി.സി.സി അധ്യക്ഷന്‍ അജയ് റായിയെ ആണ് മോദിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ബി.ജെ.പിയുടെ പ്രജ്ഞാ സിങ് താക്കൂറിനോട് ദിഗ്‌വിജയ് സിങ് പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 29 ലോക്സഭാ മണ്ഡലങ്ങളിൽ 28ലും ബി.ജെ.പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് വിജയിച്ചത് ഒരു മണ്ഡലത്തില്‍ മാത്രമാണ്.
Content Highlight: Ready to take on Modi in Lok Sabha elections: Digvijaya Singh