ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറാണ്: യു.കെ വിദേശകാര്യ സെക്രട്ടറി
Worldnews
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറാണ്: യു.കെ വിദേശകാര്യ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st January 2024, 2:26 pm

 

ലണ്ടൻ: സമാധാനം പുനസ്ഥാപിക്കുന്നതിനായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ. നയതന്ത്ര നീക്കത്തിലൂടെ ഫലസ്തീനെ അംഗീകരിക്കുന്നതിന് വഴിയൊരുക്കുമെന്ന് കാമറൂൺ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദ്വിരാഷ്ട വാദത്തെ എതിർത്തിരുന്നു.

ഫലസ്തീൻ രാഷ്ട്രം എങ്ങനെയായിരിക്കണം, എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ചല്ലാം തങ്ങൾ പരിശോധിക്കുമെന്ന് മുൻ ബ്രിട്ടിഷ് പ്രധാന മന്ത്രികൂടിയായിരുന്ന കാമറൂൺ പറഞ്ഞു.

‘സഖ്യകക്ഷികളോടൊപ്പം ഫലസ്തീനെ രാഷ്ട്രമായി പരിഗണിക്കുന്ന കാര്യം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കും. പുനഃപരിശോധിക്കാൻ കഴിയാത്ത വിധമുള്ള ഒരു തീരുമാനം ആയിരിക്കും ഞങ്ങൾ എടുക്കുക,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രഈലിലേക്ക് കൂടുതൽ അവശ്യസാധങ്ങൾ അയക്കണമെന്ന് ഇസ്രഈലിനോട് അഭ്യർത്ഥിച്ച അദ്ദേഹം ബ്രിട്ടനിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഫലസ്തീനിലേക്ക് അയച്ച സാധനങ്ങൾ തിരിച്ചയക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജെറുസലേമിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ് ഇസ്രഈലികൾക്കും ഫലസ്തീനികൾക്കും ഇടയിൽ സമാധാനം നിലനിർത്തുന്നതിനായി ദ്വിരാഷ്ട പരിഹാരത്തിന് സമ്മതിക്കാൻ നെതന്യാഹുവിനോട് കാമറൂൺ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫലസ്തിനെ അംഗീകരിക്കുന്നത് ഇസ്രഈലിനെ അപകടത്തിലാക്കും എന്ന വാദം നിരത്തിയാണ് അമേരിക്ക ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്നുയരുന്ന ദ്വിരാഷ്ടപരിഹാരം എന്ന ആവശ്യത്തെ നെതന്യാഹു നിരാകരിക്കുന്നത്.

എന്നാൽ ഫലസ്തീനെ അംഗീകരിക്കുന്ന കാര്യം സമയമാകുമ്പോൾ ബ്രിട്ടൻ പരിഗണിക്കുമെന്നാണ് യു.കെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്.

ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധത്തിൽ ഇതുവരെ 25,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 62,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ 85 ശതമാനത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായാണ് വിവിധ ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlight: Ready to recognise Palestine state, says UK foreign secretary