| Wednesday, 15th January 2020, 11:55 am

'രാജിക്ക് തയ്യാറെന്ന് പൊതുവേദിയില്‍ യെദിയൂരപ്പ'; മന്ത്രിസ്ഥാനത്തെ ചൊല്ലി വേദിയില്‍ വാക്‌പോര്; മന്ത്രിസ്ഥാനമില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന ലിംഗായത്ത് വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മുഖ്യമന്ത്രി യെദിയൂരപ്പയുമായി വേദിയില്‍ വാക്‌പോരുമായി പഞ്ചമസലി മഠം തലവന്‍ വാചാനന്ദ സ്വാമി. ഹരിഹര്‍ ടൗണിലെ ഹാവേരിയില്‍ പഞ്ചമസലി മഠം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

ലിംഗായത്ത് നേതാവായ മുരുകേഷ് നിരാനിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പഞ്ചമസലി ലിംഗായത്തുകാരുടെ പിന്തുണ യെദിയൂരപ്പയ്ക്ക് നഷ്ടപ്പെടുമെന്നായിരുന്നു വേദിയില്‍ വെച്ച് അദ്ദേഹം പറഞ്ഞത്. മുരുകേഷ് നിരാനിയുള്‍പ്പെടെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയേ തീരൂവെന്നും അദ്ദേഹം യെദിയൂരപ്പയോട് പറഞ്ഞു.

എന്നാല്‍ വേദിയില്‍ വെച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ച സ്വാമിയുടെ നിലപാടില്‍ രൂക്ഷപ്രതികരണവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. അധികാരത്തില്‍ തുടരാന്‍ തനിക്ക് വലിയ ആഗ്രഹമൊന്നും ഇല്ലെന്നും നാളെ വേണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്നും യെദിയൂരപ്പ പറഞ്ഞു.

‘ലിംഗായത്ത് സമുദായത്തില്‍ നിന്നും 13 എം.എല്‍.എമാര്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ കുറഞ്ഞത് മൂന്ന് എം.എല്‍.എമാര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണം. മുന്‍ മന്ത്രി മുരുകേഷ് നിരാനിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേ തീരൂ’,എന്നായിരുന്നു യെദിയൂരപ്പയോട് വേദിയില്‍ വെച്ച് വാചാനന്ദ സ്വാമി ആവശ്യപ്പെട്ടത്.

ഇതില്‍ കോപാകുലനായ മുഖ്യമന്ത്രി നിങ്ങള്‍ ഈ രീതിയില്‍ സംസാരിക്കരുതെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. ”നിങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. എന്നാല്‍ ഇത്തരം ഡിമാന്റുകള്‍ ഒന്നും ഉന്നയിക്കരുത്. തുടര്‍ന്നും സംസാരിക്കാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ ഞാന്‍ ഇവിടെ നിന്നും ഇറങ്ങിപ്പോകും”, – എന്നായിരുന്നു യെദിയൂരപ്പ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ വിഷയത്തില്‍ ഇടപെട്ട ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ മുരുകേഷ് നിരാനിയോട് ഇത്തരം ആവശ്യങ്ങളൊന്നും പൊതുവേദിയില്‍ ഉന്നയിക്കരുതെന്ന് വാചാനന്ദ സ്വാമിയോട് പറയാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ഞങ്ങളുടെ അവകാശങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്‌തെന്നുമായിരുന്നു സ്വാമി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യെദിയൂരപ്പയുടെ ഇപ്പോഴത്തെ അവസ്ഥ അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും വിഷയം വ്യക്തിപരമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നുമായിരുന്നു യെദിയൂരപ്പ നല്‍കിയ മറുപടി. അതിന് നിങ്ങള്‍ തയ്യാറല്ല എങ്കില്‍ മുഖ്യമന്ത്രി പദവി ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും യെദിയൂരപ്പ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more