പാറ്റ്‌ന: ബി.ജെ.പിയുടെ കാര്യക്ഷമമല്ലാത്ത നയങ്ങളാണ് സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാമുദായിക കലാപങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിലവില്‍ ബീഹാറിനുള്ളില്‍ സാമൂദായിക കലാപങ്ങള്‍ ഉണ്ടാക്കുന്ന നേതാക്കളെ നിയന്ത്രിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറാകണമെന്നും ജെ.ഡി.യു നേതൃത്വം പറഞ്ഞു.
എന്ത് വിലകൊടുത്തും ബീഹാറിന്റെ സമാധാനം സംരക്ഷിക്കാന്‍ സദാ ശ്രമിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ലെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ശ്യാം രാജക് പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പിയുമായുള്ള സഖ്യബന്ധത്തില്‍ കാര്യമായ തകരാറുകള്‍ സംഭവിക്കുന്നുണ്ടെന്നും സമൂഹത്തില്‍ സാമൂദായിക വിള്ളലുണ്ടാക്കുന്ന പാര്‍ട്ടിയുടെ നയങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് യാതൊരു രീതിയിലും അഴിമതിയും, സമൂഹത്തില്‍ മതസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന രീതിയും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് എല്ലാതരത്തിലുള്ള സമാധാനം നിലനിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പി നേതൃത്വം സംസ്ഥാനത്ത് കാട്ടുന്ന സംഘര്‍ഷങ്ങളെ തടുക്കാന്‍ കഴിയാത്ത നിസ്സഹായനാണ് മുഖ്യമന്ത്രിയായ നിതീഷ് കുമാറെന്നാണ് കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം.
MUST READ: ബീഹാറും ബി.ജെ.പിയ്ക്ക് നഷ്ടപ്പെടുന്നു?; നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുന്നതായി റിപ്പോര്‍ട്ടുകള്‍
അതേസമയം നിരന്തരമായി സാമുദായിക മത സംഘര്‍ഷങ്ങള്‍ നടക്കുന്ന ഇടമായി ബീഹാര്‍ മാറിയിരിക്കയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബീഹാറിലെ നളന്ദ ജില്ലയില്‍ 20 പേര്‍ക്കാണ് നിരവധി സംഘര്‍ഷങ്ങളിലായി പരിക്കേറ്റത്. ഇവ ചെറുക്കുന്നതില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷകക്ഷികള്‍ പറഞ്ഞത്.