| Thursday, 7th June 2018, 2:27 pm

'കോണ്‍ഗ്രസ്സ്-ടി.ഡി.പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ സ്വയം തൂക്കിലേറാനും തയ്യാര്‍': ആന്ധ്ര ഉപമുഖ്യമന്ത്രി കൃഷ്ണമൂര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: കോണ്‍ഗ്രസ്സ്-ടി.ഡി.പി സഖ്യം ഒരിക്കലും സംഭവിക്കില്ലെന്നും, സഖ്യം യാഥാര്‍ത്ഥ്യമായാല്‍ സ്വയം തൂക്കിലേറാനും തയ്യാറെന്നും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തി.

കുര്‍ണൂലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കൃഷ്ണമൂര്‍ത്തി സഖ്യത്തിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞത്. 2019ലെ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി. കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുമെന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss കെ. സുധാകരന്‍ ബി.ജെ.പിയുമായി വിലപേശല്‍ നടത്തി; ആരോപണവുമായി ഡി.സി.സി ജനറല്‍ സെക്രട്ടറി രംഗത്ത്


“ഞാന്‍ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല, പാര്‍ട്ടിയുടെ നിലപാടാണ്. ഇത്തരമൊരു സഖ്യം സംഭവിക്കുകയില്ല. മറിച്ചായാല്‍ സ്വയം തൂക്കിലേറാനും ഞാന്‍ തയ്യാറാണ്.” കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്ര മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടതിനെത്തുടര്‍ന്ന് സഖ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സജീവമായിരുന്നു.

കോണ്‍ഗ്രസ്സ് വിമുക്ത ഭാരതത്തിനായി മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് പറഞ്ഞ എന്‍.ടി. രാമറാവുവിന്റെ വഴിയില്‍ നിന്നും വ്യതിചലിക്കുകയാണ് നായിഡുവെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒരു വേദിയില്‍ ഒരുമിച്ചിരുന്നാലോ ഹസ്തദാനം ചെയ്താലോ അതിനര്‍ത്ഥം സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നല്ലെന്ന് പ്രസ്താവിച്ചുകൊണ്ടായിരുന്നു നായിഡു സംശയങ്ങളെ നേരിട്ടത്. നേരത്തേ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എയ്ക്കുള്ള പിന്തുണ ടി.ഡി.പി പിന്‍വലിച്ചിരുന്നു.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സ് ബി.ജെ.പിയുമായി രഹസ്യധാരണയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കൃഷ്ണമൂര്‍ത്തി ആരോപിച്ചു.

We use cookies to give you the best possible experience. Learn more