| Monday, 13th May 2013, 10:38 am

ഇന്ത്യയുമായി സൗഹൃദ്ദം സ്ഥാപിക്കാന്‍ തയ്യാറെന്ന്: നവാസ് ഷെരീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്:  ഇന്ത്യയുമായി സൗഹൃദ്ദം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് നവാസ് ഷെരീഫ്. പാക് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ്ലിംലീഗി (എന്‍) ന്റെ ഗംഭീര വിജയത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷെരീഫ്.[]

കാഷ്മീര്‍ തര്‍ക്കപരിഹാരത്തിന് ഇന്ത്യയുമായി ചര്‍ച്ചക്ക്  തയാറെന്നും, അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും  നവാസ് ഷെരീഫ് വ്യക്തമാക്കി.

ഇത് മൂന്നാംതവണയാണ് നവാസ് ഷെരീഫ് പാക്കിസ്ഥാനില്‍  പ്രധാനമന്ത്രിപദത്തിലേക്ക്  കടക്കുന്നത്.  നവാസ് ഷെരീഫിന്റെ വിജയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സ്വാഗതം ചെയ്തു. ഷെരീഫിനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി തന്റെ സന്തോഷം അറിയിച്ചത്.

സൈനിക അട്ടിമറിയില്‍ അധികാരഭ്രഷ്ടനാകുകയും ദീര്‍ഘകാലം പ്രവാസജീവിതം നയിക്കുകയും ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ നവാസ് ഷെരീഫിന്റെ അധികാരത്തിലേക്കുള്ള ഉജ്വലമായ മടങ്ങിവരവിനാണ് പാക്  പൊതുതിരഞ്ഞെടുപ്പ്  സാക്ഷ്യം വഹിച്ചത്.

342 അംഗ ദേശീയ അസംബ്ലിയില്‍  എഴുപതു സീറ്റുകളിലേക്ക് വനിതകളേയും ന്യൂനപക്ഷങ്ങളേയുമാണ് നാമനിര്‍ദേശം ചെയ്യുക. പൊതുതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ പാര്‍ട്ടികളാണ് പ്രതിനിധികളെ നിര്‍ദേശിക്കുക.

പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ സമ്മിശ്രപ്രതികരണമാണുണ്ടായത്. പഞ്ചാബ് പ്രവിശ്യയിലെ 297ല്‍ 188 സീറ്റും ജയിച്ചു വന്‍ഭൂരിപക്ഷത്തോടെ പി.എംഎല്‍(എന്‍) അധികാരത്തിലെത്തി. 130 അംഗ ദക്ഷിണസിന്ധ് പ്രവിശ്യാ കൗണ്‍സിലില്‍ പി.പി.പി-എം.ക്യൂ.എം സഖ്യം 81 സീറ്റ് നേടി ഭരണമുറപ്പാക്കി.

ഖൈബര്‍ പഷ്തൂണില്‍ അവാമി നാഷണല്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടിയുണ്ടായി. വെറും മൂന്നു സീറ്റില്‍ മാത്രമാണു പാര്‍ട്ടിക്കു മുന്‍തൂക്കമുള്ളത്. ഇവിടെ തെഹ്‌രീകെ ഇന്‍സാഫ് 31 സീറ്റുമായി വന്‍ കുതിപ്പു നടത്തി. ബലൂചിസ്ഥാനില്‍നിന്നു വോട്ടെണ്ണലിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

1990-93, 1997-99 കാലങ്ങളില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനു രണ്ടുവട്ടവും പ്രധാനമന്ത്രിപദത്തില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.  ആദ്യം അഴിമതിക്കേസില്‍ കുരുങ്ങി പുറത്തായ ഷെരീഫിനെ രണ്ടാം വട്ടം ജനറല്‍ പര്‍വേസ് മുഷാറഫ് അട്ടിമറിക്കുകയായിരുന്നു.
പാകിസ്ഥാന്റ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജനാധിപത്യ സര്‍ക്കാരില്‍നിന്ന്  മറ്റൊരു ജനാധിപത്യ സര്‍ക്കാരിലേക്ക് അധികാര കൈമാറ്റമുണ്ടാകുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more