ലാഹോര്‍: ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിന് ഏത് വിധത്തിലുള്ള വൈദ്യപരിശോധന നല്‍കാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.[]
തലയോട്ടിക്ക് ഗുരുതരമായ ക്ഷതമേറ്റ സരബ്ജിത്തിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് കേന്ദ്രമന്ത്രി ആര്‍.പി.എന്‍.സിംഗ് പറഞ്ഞു. സരബ്ജിത്തിനെ ഇന്ത്യയില്‍ ചികിത്സിയ്ക്കണമെന്ന് അദ്ദേഹത്തെ ഇന്നലെ സന്ദര്‍ശിച്ച ബന്ധുക്കക്കളും ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ മുഖ്യപരിഗണന സരബ്ജിത്തിനെ രക്ഷപ്പെടുത്തുക എന്നുള്ളതാണ്. അതിനു വേണ്ടി ഡോക്ടര്‍മാരുടെ സേവനമോ മറ്റേതു തരത്തിലുള്ള വൈദ്യസഹായമോ ലഭ്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ജിന്ന ആശുപത്രിയില്‍ മികച്ച ചികിത്സയാണ് ലഭ്യമാക്കുന്നതെന്നും അതിനാല്‍ സരബ്ജിത്തിനെ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സരബ്ജിത്ത് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലാഹോര്‍ കോട് ലാക്ക്പഥ് ജയിലില്‍ തടവിലാക്കപ്പെട്ടിരുന്ന സരബ്ജിത്തിനെ (49) വെള്ളിയാഴ്ച്ചയാണ് സഹതടവുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്.