ന്യൂദല്‍ഹി: കൊവിഡ് മരുന്നായ ഫാബിഫ്ളൂ അനധികൃതമായി പൂഴ്ത്തിവെച്ച സംഭവത്തില്‍ ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് ദല്‍ഹി സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോളര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗംഭീര്‍. കോടതി എന്ത് തീരുമാനിച്ചാലും നേരിടാന്‍ തയ്യാറാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
” വിഷയം കോടതിയിലാണ്. കോടതി എന്ത് തീരുമാനിച്ചാലും അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് എനിക്ക് പറയാന്‍ കഴിയും, ” ഗംഭീര്‍ പറഞ്ഞു.
അതേസമയം, ഫൗണ്ടേഷന്‍, മരുന്ന് ഡീലര്‍മാര്‍ എന്നിവരടക്കുമുള്ളവര്‍ക്കെതിരെ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ. പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്നും ഡ്രഗ് കണ്‍ട്രോളര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ ഓക്സിജന്‍ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്.
അതേസമയം, ആറ് ആഴ്ചയ്ക്കുള്ളില്‍ കേസിലെ പുരോഗതി സംബന്ധിച്ച് അറിയിക്കണമെന്നും ജൂലൈ 29ന് കേസ് വിചാരണയ്ക്കായി ലിസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു.
നേരത്തെ, കൊവിഡ് മരുന്ന് സംഭരിച്ച് പൂഴ്ത്തിവെച്ചെന്ന പരാതിയില്‍ ഗൗതംഗംഭീറിന് ക്ലീന്‍ ചിറ്റ് നല്‍കിയ ദല്‍ഹി സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗംഭീര്‍ ഫാബിഫ്ളൂ മരുന്ന് സംഭരിച്ച സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താത്ത ഡ്രഗ് കണ്‍ട്രോളറെ സസ്പെന്‍ഡ് ചെയ്ത് പണി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
ഗംഭീര്‍ മരുന്ന് സംഭരിച്ചതിനേക്കുറിച്ച് ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലിടണമെന്ന് പറഞ്ഞ കോടതി എങ്ങനെയാണ് ഗംഭീറിന് ഇത്രയധികം ഫാബിഫ്‌ളൂ മരുന്ന് സംഭരിക്കാന്‍ സാധിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പരിശോധിച്ചില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, ലൈസന്‍സുള്ള നിരവധി ഡീലര്‍മാരില്‍നിന്നാണ് മരുന്ന് സംഭരിച്ചതെന്നാണ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സ്റ്റാന്‍ഡിങ് കോണ്‍സെല്‍ നന്ദിതറാവു അറിയിച്ചത്.