ന്യൂദല്‍ഹി: ദക്ഷിണേന്ത്യന്‍ യുവതികളുടെ തൊലിയുടെ നിറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ആരുമായും തര്‍ക്കിക്കാന്‍ തയ്യാറാണെന്ന് ജെ.ഡി.യു നേതാവ് ശരദ് യാദവ്. രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്ലിനെക്കുറിച്ച് സംസാരിക്കവെയാണ് ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ കറുത്ത സുന്ദരികളാണെന്ന പരാമര്‍ശം ശരദ് യാദവ് നടത്തിയത്. വിദേശനിക്ഷേഫം 26ല്‍ നിന്ന് 49%ത്തിലേക്കുയര്‍ത്താനുള്ള നിര്‍ദേശം ഇന്ത്യക്കാരുടെ വെളുത്ത തൊലിയോടുള്ള ഭ്രമത്തിന്റെ ലക്ഷമമാണെന്നാണ് യാദവ് പറഞ്ഞത്.
വിവാഹ പരസ്യങ്ങളും ആവശ്യപ്പെടുന്നത് വെളുത്ത തൊലിയുള്ള വധുവിനെയാണ്. രാജ്യത്ത് കറുത്തവരാണ് കൂടുതല്‍. ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ സുന്ദരികളാണ്, അവരുടെ തൊലിയുടെ നിറം കറുപ്പമാണെങ്കിലും. ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയുടെസംവിധായക ലെസ്സി ഉദ്വിന്‍ വെള്ളക്കാരിയായതുകൊണ്ടാകാം അവര്‍ക്ക് അനുമതികള്‍ എളുപ്പത്തില്‍ നേടാനായതെന്നും ശരദ് യാദവ് പറഞ്ഞു.
ശരദ് യാദവിന്റെ പ്രസ്താവന വിവാദമാകുകയും ചെയ്തു. യാദവിന്റെ പ്രസ്താവന വന്നയുടനെ ഡി.എം.കെ അംഗം കനിമൊഴി പ്രതിഷേധിച്ചിരുന്നു. ശരദ് യാദവ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ അനുവദിച്ചുകൂടെന്ന് സി.പി.ഐ.എം നേതാവ് വൃന്ദ കാരാട്ട് വ്യക്തമാക്കി.
കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. പരാമര്‍ശത്തോട് പൂര്‍ണമായും വിയോജിക്കുന്നു. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും രവിശങ്കര്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ സംവാദത്തിനു തയ്യാറാണെന്നായിരുന്നു യാദവിന്റെ മറുപടി.
“ഞാന്‍ എന്താണ് പറഞ്ഞത്. കറുത്ത തൊലിയുള്ളവരാണ് ഇന്ത്യയില്‍ കൂടുതല്‍, ലോകത്തും അവരാണ് കൂടുതല്‍. വിഷയത്തില്‍ ആരുമായും തര്‍ക്കിക്കാന്‍ ഞാന്‍ തയ്യാറാണ്.” ശരദ് യാദവ് രാജ്യസഭയില്‍ പറഞ്ഞു.
യാദവിന്റെ പ്രസ്താവനയെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ എതിര്‍ത്തു.
സ്ത്രീകളുടെ നിറത്തിനെക്കുറിച്ച് പറയരുതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സഭയില്‍ യാദവിനോട് ആവശ്യപ്പെട്ടു. വളരെ തെറ്റായ സന്ദേശമാണിത് നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി. “നിങ്ങള്‍ എന്താണെന്ന് എനിക്കറിയാം” എന്നായിരുന്നു” സ്മൃതി ഇറാനിയുടെ പ്രസ്താവനയില്‍ രോഷാകുലനായ യാദവിന്റെ പ്രതികരണം.