പാർട്ടി അനുവദിച്ചാൽ ലോക്സഭയിലേക്ക് ഹരിയാനയിൽ നിന്ന് മത്സരിക്കും: ബ്രിജ് ഭൂഷൺ
ഗോണ്ട: പാർട്ടി അനുവദിച്ചാൽ ഹരിയാനയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചുവെന്ന ആരോപണം നേരിടുന്ന ബി.ജെ.പി എം.പിയും മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.
യു.പിയിലെ കൈസർഗഞ്ചിൽ നടന്ന ബി.ജെ.പിയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.പി.
ഹരിയാനയിലെ ജാട്ട് സമുദായത്തിൽ നിന്ന് തനിക്ക് വളരെയധികം പിന്തുണ ലഭിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു.
‘നിങ്ങൾ ഹരിയാനയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ നിങ്ങളെ ഞങ്ങൾ ജയിപ്പിക്കുമെന്ന് ആളുകൾ എന്റെ അരികിൽ വന്ന് പറയാറുണ്ട്. പാർട്ടി എനിക്ക് ഒരു അവസരം തന്നാൽ, തീർച്ചയായും ഞാൻ അവിടെ നിന്ന് മത്സരിക്കും,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരുന്നു. ഹരിയാനയിൽ നിന്നുൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ ഈ വർഷമാദ്യം ദൽഹിയിൽ മാസങ്ങളോളം ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തിയിരുന്നു.
കേസിൽ കഴിഞ്ഞ ജൂലൈയിലാണ് ബ്രിജ് ഭൂഷണിന് ജാമ്യം ലഭിച്ചത്. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ഇയാൾ എല്ലാ അവസരങ്ങളിലും ഇത് തുടർന്നുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
നേരത്തെ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കുമോ എന്ന ചോദ്യത്തിന് ആരാണ് അതിന് തനിക്ക് സീറ്റ് നിഷേധിക്കാൻ പോകുന്നത് എന്ന് ബ്രിജ് ഭൂഷൺ ചോദിച്ചിരുന്നു.
ഇത്രയും അഹന്തയോടെ ബ്രിജ് ഭൂഷൺ പെരുമാറുന്നത് അയാൾക്ക് വലിയ പിന്തുണയുള്ളത് കൊണ്ടാണെന്ന് ദൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൽ പറഞ്ഞിരുന്നു.
Content Highlight: Ready to contest Lok Sabha polls from Haryana if party allows, says former WFI chief Brij Bhushan