കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയ്‌ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ കോടതി വെറുതെ വിട്ട സ്വാമി അസീമാനന്ദ. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസീമാനന്ദയുടെ പ്രതികരണം.
മാലേഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രജ്ഞാ സിങ് ഠാക്കൂര്‍ ദിഗ്‌വിജയ സിങ്ങിനെതിരെ ഭോപാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനിടെയാണ് ബംഗാളില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന അസീമാനന്ദയുടെ പ്രതികരണം.
‘ബംഗാളില്‍ മുസ്‌ലിം വോട്ട് കിട്ടാനായി മമതയും സി.പി.ഐ.എമ്മും ഹിന്ദുക്കളെ മുറിവേല്‍പ്പിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് വേണ്ടി രാഷ്ട്രീയത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തയ്യാറാണ്. വേണമെങ്കില്‍ മമതയ്‌ക്കെതിരെ മത്സരിക്കാനും തയ്യാറാണ്’ അസീമാനന്ദ പറഞ്ഞു.
ഹിന്ദുമതം അക്രമത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്ന് അസീമാനന്ദ പറഞ്ഞു. ‘ മുസ്‌ലിംങ്ങള്‍ ലോകത്തിന് ഭീഷണിയാണ്. അവരുടെ ജനസംഖ്യാ വര്‍ധനവ് തന്നെ രാജ്യത്തിനും ലോകത്തിനും ഭീഷണിയാണ്’ അസീമാനന്ദ പറഞ്ഞു.