ആചാരലംഘനം നടത്തിയെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാന്‍ തയ്യാര്‍; വല്‍സന്‍ തില്ലങ്കേരി
Sabarimala women entry
ആചാരലംഘനം നടത്തിയെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാന്‍ തയ്യാര്‍; വല്‍സന്‍ തില്ലങ്കേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 5:24 pm

ശബരിമല: താന്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് തെളിഞ്ഞാല്‍ അയ്യപ്പന് വേണ്ടി മാപ്പ് പറയാന്‍ തയ്യാറാണെന്ന് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണെന്നും സംശയമുണ്ടെങ്കില്‍ ആര്‍ക്കും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

താന്‍ ഇരുമുടികെട്ടുമായാണ് പതിനെട്ടാം പടി ചവിട്ടിയത്, സംശയമുണ്ടെങ്കില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാം . ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്‌നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യില്‍ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

Also Read പതിനെട്ടാംപടിയിലെ ആചാരങ്ങളെക്കുറിച്ച് അറിയില്ല: ശ്രീധരന്‍പിള്ള

അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാള്‍ക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയര്‍ത്തി ശാന്തമാകാന്‍ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താന്‍ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

അക്രമം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അല്ലെന്നും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തീവ്രനിലപാടുള്ള ചിലര്‍ വന്നിട്ടുണ്ടെന്നും ഇത്തരം ആളുകളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ഇത് തടയാനാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും വല്‍സന്‍ തില്ലങ്കേരി അവകാശപ്പെട്ടു.

അതേസമയം പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.

Also Read സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി യുവാവിന്റെ അശ്ലീല ആംഗ്യം; പ്രതിഷേധം കറുപ്പുതുണി മുഖം കൊണ്ട് മുഖം മറച്ച്

പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി. ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്നലെയാണ് തുറന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലും നിലയ്ക്കലിലും വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു.

DoolNews Video