കാബൂള്‍: താലിബാനെതിരെ യുദ്ധത്തിന് തയ്യാറാണെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്‍ക്കുണ്ടെന്നും പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താലിബാനെ എതിര്‍ത്തുകൊണ്ട് നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലെ അവസാന ഔട്ട്പോസ്റ്റുകളിലൊന്നാണ് പഞ്ച്ഷിര്‍.
ഏത് ഗേറ്റ് വഴിയും താലിബാനുമായി ഒരു യുദ്ധത്തിന് തങ്ങള്‍ തയാറാണ് എന്നായിരുന്നു അമീര്‍ അക്മലിന്റെ പ്രതികരണം.
”ജനകീയ പ്രതിരോധസേനയില്‍ ചേര്‍ന്നവരിലധികവും യുവാക്കളും, പട്ടാളക്കാരും, മുന്‍ ജിഹാദി കമാന്‍ഡര്‍മാരുമാണ്. അവരാരും തന്നെ തടങ്കലില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സംവിധാനമാണ് ഇവിടെ വേണ്ടത്. പട്ടാളത്തിനും യുദ്ധത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്. യുദ്ധമായാലും സമാധാനമായാലും താലിബാനെ എതിര്‍ക്കാന്‍ ഞങ്ങള്‍ സജ്ജരാണ്,” അമീര്‍ അക്മല്‍ പ്രതികരിച്ചു.
അഹ്മദ് ഷാ മസൂദിനും അമറുള്ള സലേഹ്ക്കും പിറകിലായി പ്രാദേശിക പട്ടാളക്കാരും അഫ്ഗാന്‍ പ്രതിരോധസേനയിലെ അംഗങ്ങളുമടക്കം ഏകദേശം 9000 പേര്‍ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പഞ്ച്കിഷ് താഴ്വരയിലേക്കുള്ള എല്ലാ റോഡുകളും അഹ്മദ് ഷാ മസൂദിന്റെ കീഴില്‍ പരിശീലനം നേടിയ തജിക് സേനയുടെ നിയന്ത്രണത്തിലാണ്.
”അഫ്ഗാന്‍ സേനയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ല. ഇനി പ്രതിരോധ സേനക്കൊപ്പം നിന്നുകൊണ്ട് ഞങ്ങളുടെ സ്വാതന്ത്ര്യത്തിനും മണ്ണിനെ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടണം.” സേനാംഗമായ ഹാമിദ് പറഞ്ഞു.
അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം താനാണ് ഇനി അഫ്ഗാന്റെ പ്രസിഡന്റ് എന്ന അവകാശവാദവുമായി അപ്പോഴത്തെ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് രംഗത്തെത്തിയിരുന്നു. ഏകാധിപത്യത്തെ രാജ്യം എതിര്‍ക്കുന്നെന്ന് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സലേഹ് പറഞ്ഞു.
പഞ്ച്ഷിറിന്റെ ഒരു ഭാഗം തങ്ങള്‍ കീഴടക്കിയെന്ന് താലിബാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്നും ഇവിടത്തെ ജനങ്ങള്‍ അവരുടെ ആത്മാവ് അടിയറവ് വെച്ചിട്ടില്ലെന്നും സലേഹ് പറഞ്ഞു.
താലിബാനുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ഇപ്പോഴും തയാറാണ്. ഒത്തുതീര്‍പ്പ് പരാജയപ്പെടുകയാണെങ്കില്‍ പ്രതിരോധിക്കാനും ഞങ്ങള്‍ സജ്ജരാണ് സലേഹ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിര്‍ദേശം ലഭിക്കുന്ന പക്ഷം പഞ്ച്കിഷ് കീഴടക്കുമെന്നാണ് താലിബാന്റെ വാദം. ”പഞ്ച്കിഷ് കീഴടക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം ലഭിക്കുന്ന പക്ഷം ഞങ്ങള്‍ അത് ചെയ്യും. എന്നാല്‍ ഇതുവരെ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ല. ഞങ്ങള്‍ തീവ്രവാദികളല്ല. ഇസ്ലാം എന്താണോ പറയുന്നത് അത് മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.” താലിബാന്‍ കമാന്‍ഡര്‍ മുല്ല ഘക്സര്‍ പറഞ്ഞു.
താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം മറ്റു രാജ്യങ്ങളിലേയും അഫ്ഗാനിലെയും പൗരന്മാരായ ആയിരക്കണക്കിന് പേര്‍ രാജ്യം വിടുന്നതിന്റെ തിരക്കിലാണ്. ഇതിനിടെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ ആഗസ്റ്റ് 31 നീട്ടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ready for war with Taliban, says commander of Panjshir resistance force