തിരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു: ഒബാമ
World
തിരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു: ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2012, 8:04 am

ന്യുയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി താന്‍ ഒരുങ്ങിക്കഴിഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അമേരിക്കയുടെ ശോഭനമായി ഭാവിക്ക് വേണ്ടിയായിരിക്കും തന്റെ പ്രവര്‍ത്തനമെന്നും ഒബാമ പറഞ്ഞു.

അമേരിക്കയുടെ ഉന്നതമായ ഭാവിയാണ് തന്റെ ലക്ഷ്യം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വെല്ലുവിളികള്‍ നേരിട്ട് മുന്നോട്ട് പോകും. തിരഞ്ഞെടുപ്പില്‍
വിജയിക്കുമെന്നതില്‍ തനിയ്ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. തന്റെ നിലപാടുകള്‍ക്ക് ഓരോരുത്തരുടേയും പിന്തുണയുണ്ടാവണമെന്നും ഒബാമ ആവശ്യപ്പെട്ടു.[]

സാമ്പത്തിക രംഗത്തും മറ്റും അമേരിക്ക നേരിടുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ ധീരമായ പരീക്ഷണങ്ങള്‍ തുടരും. എണ്ണയ്ക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും ഒബാമ പറഞ്ഞു.

നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിന്‌ മുന്നോടിയായുള്ള പ്രസ്താവനയിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കുന്നത്.

2016 ഓടെ നിര്‍മാണ മേഖലയില്‍ ഒരു മില്യന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത രണ്ട് വര്‍ഷം കൊണ്ട് കയറ്റുമതി ഇരട്ടിയാക്കും. 2020 ഓടെ എണ്ണ ഇറക്കുമതി പകുതിയായി കുറയ്ക്കുമെന്നും ഒബാമ വ്യക്തമാക്കി.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പതിറ്റാണ്ടുകളായി പിന്തുടരുന്ന നയങ്ങളുടെ ഭാഗമാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി വേണ്ടിവരും. അതിനായി ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും ഒബാമ പറഞ്ഞു.

അമേരിക്കയെ മുന്നോട്ട് നയിക്കാനാണ് ആഗ്രഹിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് താനെന്നും ഒബാമ പറഞ്ഞു.

തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ അമേരിക്കയെ സാമ്പത്തികമായി ഏറെ മുന്നോക്കം എത്തിക്കാന്‍ കഴിയും. ആഗോള സാമ്പത്തിക തലത്തില്‍ രാജ്യം പുരോഗതിയില്‍ തന്നെയാണെന്നും എന്നാല്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടമാണ് ഇതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ അഫ്ഗാന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചും ഒബാമ സംസാരിച്ചു.