ന്യൂദല്‍ഹി: ജമ്മു കശ്മില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി അന്തിമഘട്ടത്തിലാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.
പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യതയെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ആദ്യം ഏത് തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്ന് സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനുള്ളത്. ആദ്യമായാണ് ത്രിതല പഞ്ചായത്ത് സംവിധാനം അവതരിപ്പിച്ചത്. പഞ്ചായത്തുകളിലായിരിക്കും ആദ്യം തെരഞ്ഞെടുപ്പ്. ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്,’ മേത്ത കോടതിയെ അറിയിച്ചു. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാത്തിയത് താത്കാലികമായാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പരിഗണിക്കുമ്പോള്‍ അതിന്റെ നിയമസാധുത കോടതി പരിശോധിക്കുന്നുണ്ടോയെന്ന് മുഹമ്മദ് അക്ബര്‍ ലോണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. ഭരണഘടനാപരമായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലെ നിയമസാധുത പരിശോധിക്കുമെന്ന് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പോ സംസ്ഥാനപദവിയോ സംബന്ധിച്ച തീരുമാനങ്ങള്‍ അതിനെ ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Content Highlights: Ready for election jammu kashmir; centre tells supreme court