| Sunday, 20th January 2019, 7:35 am

പ്രശ്‌നങ്ങള്‍ പരിഹരിക്കണം, ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്: പന്തളം കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് പന്തളം കുടുംബം പ്രതിനിധി ശശികുമാര വര്‍മ്മ. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. അതിനായി ഏത് ചര്‍ച്ചക്കും തയാറാണ്. ഈ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് പന്തളം കുടുംബം പ്രതിനിധിയുടെ പ്രതികരണം.

ശബരിമല വിധിയ്‌ക്കെതിരെ ബി.ജെ.പിയ്‌ക്കൊപ്പം നിന്ന് സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ശബരിമലയിലെ ആചാരങ്ങളുമായി ബന്ധമുള്ള പന്തളം കുടുംബം.

വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കുകയാണ്. തങ്ങളുടെ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഇന്നലെ പറഞ്ഞിരുന്നു.

“വിശ്വാസ സംരക്ഷണത്തിനുള്ള ബി.ജെ.പിയുടെ പോരാട്ടം വിജയിച്ചില്ല. സമരം പൂര്‍ണ്ണവിജയമായിരുന്നില്ല.” സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇന്ന് പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48 ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചതും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതും അനാവശ്യമായി വന്ന ഹര്‍ത്താലുകളും സമരത്തിന്റ ആവേശം കുറച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ നിരാഹാരം കിടക്കാതെ വന്നതോടെ സമരം പാര്‍ട്ടിക്കും വേണ്ടതായെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് പി.കെ.കൃഷ്ണദാസിനെ സമര രംഗത്തിറക്കിയത്.

We use cookies to give you the best possible experience. Learn more