| Wednesday, 25th April 2012, 10:06 am

നിന്റെ ജീവിതത്തില്‍ നിന്ന് ഞാനെന്താണ് എടുക്കുക, മാര്‍ക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൈരാശ്യം പലപ്പോഴും പുരോഗമനത്തിലേയ്ക്കുള്ള കുഞ്ഞിടവേളകളായി എനിക്കനുഭവപ്പെടാറുണ്ട്. തുടര്‍ച്ചകളിലെ വിരാമങ്ങള്‍ കൂടിയാണവ. വിപ്ലവങ്ങള്‍ പോലെത്തന്നെ ഇത്തരം നൈരാശ്യങ്ങള്‍ പില്‍ക്കാല ഉണര്‍വ്വിനെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിനുള്ള ആവേശം ഈ നൈരാശ്യത്തിലും ഉമേഷ് സൂക്ഷിക്കുന്നുണ്ട്, ഉമിത്തീ പോലെ.

തിരിച്ചു വരുന്ന മാര്‍ക്‌സിനോട് ഉമേഷ്

വായന/ഷഫീക്ക് എച്ച്

പുസ്തകം:കമ്മ്യൂണിസ്റ്റുകാര്‍
എഴുത്തുകാരന്‍ :ഉമേഷ്ബാബു കെ.സി.
വിഭാഗം: കവിതകള്‍
പേജ്: 40
വില:40 രൂപ
പ്രസാധകര്‍: ഇന്‍സൈറ്റ് പബ്ലിക്ക, കോഴിക്കോട്

ഫോണ്‍: 0495- 402 0666

“നിന്റെ ജീവിതത്തില്‍ നിന്ന്/ഞാനെന്താണ് എടുക്കുക, മാര്‍ക്‌സ്?”” എന്ന് ഉത്തരാധുനികത കൊട്ടിഘോഷിക്കപ്പെടുന്ന വര്‍ത്തമാനത്തില്‍ നിന്ന് ഒരാള്‍ വിളിച്ചു ചോദിച്ചാല്‍, തിരിച്ചുവരുന്ന മാര്‍ക്‌സിന് എന്തായിരിക്കും പറയാനാവുക? ഞാന്‍ ഒരുപാട് ചിന്തിച്ചു നോക്കി. എണ്‍പതുകളുടെ കാല്‍പനികത പകുത്തുനല്‍കിയ കൈനിറയെ വെള്ളാരങ്കല്ലുകള്‍ പോലുള്ള സ്വപ്നങ്ങളോ? ചിന്തയിലെ കാളക്കൂറ്റന്‍മാരെ ചുവപ്പുകാണിച്ച് കലിയിളക്കിയ തത്വശാസ്ത്ര രൂപമാതൃകകളോ? വലതിനെയും ഇടതിനെയും വേര്‍തിരിക്കാന്‍ നമുക്ക് നല്‍കിയ കാലിഡോസ്‌കോപ്പിയോ? വിമോചനത്തിന്റെ ആഭിചാര കര്‍മ്മങ്ങള്‍ക്ക് വേദിയാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട വര്‍ഗ്ഗസമരമോ?

വേനല്‍ക്കാലമാണ്, ഉഷ്ണമാണ്. ചോദ്യം തലയ്ക്കുമീതെ തൂങ്ങിയാടുന്നു, ഡെമോക്ലീസിന്റെ വാളുപോലെ. ഭാഷ പരുഷമാണ്, അരോചകമാണ്. പക്ഷേ, ചോദ്യം അസ്വസ്ഥമാക്കുന്നു, മനസ്സിനെ. പ്രിയ ഉമേഷ്ബാബു, നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് എന്തുത്തരമാണ് മാര്‍ക്‌സ് കൈയ്യില്‍ കരുതുന്നുണ്ടാവുക!! “ഒരു കമ്മ്യൂണിസ്റ്റുകാരനാവുകയസാദ്ധ്യം; ആവാതിരിക്കയുമസാദ്ധ്യം” എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുവെയ്ക്കുന്നിടത്താണ് ഈ ചോദ്യത്തിന് വര്‍ത്തമാനകാല പ്രസക്തി കൈവരുന്നത്. ഈ വാക്കുകളുടെ പൊള്ളലനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യുവത്വത്തിന് നിങ്ങളുയര്‍ത്തിയ ചോദ്യം നല്‍കുന്ന പ്രഹരമെന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കമ്മ്യൂണിസ്റ്റുകാര്‍ വായിച്ചു പൂര്‍ത്തിയാക്കിയപ്പോള്‍ ഉണ്ടായ ഭീതിയും വേദനയുമാണിത്.

“വര്‍ത്തമാനത്തിനപ്പുത്തുറപ്പിച്ച കണ്ണും, മരണത്തിനപ്പുറത്തേയ്ക്കു പോകുന്ന കാഴ്ച്ചയും ചരിത്രത്തിനപ്പുറത്തെ കരുതലും” ഇന്നെവിടെയാണ് കമ്മ്യൂണിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് നിങ്ങളെപ്പോലെ ഞങ്ങളും ആകുലപ്പെടുന്നുണ്ട്. ഇതിന് ഉമേഷ് നല്‍കുന്ന ഉത്തരമിതാണ്;
“ചാരുകസേര പഥ്യമായവര്‍ക്ക്
വിഗ്രഹങ്ങള്‍ നന്ന്.
എഴുത്തിന്റെയും കഴുത്തിന്റെയും തല്‍പരര്‍ക്ക്
പ്രഭാവലയം വേറെവേണം.
അകത്തോട്ട് വളയലെളുപ്പം.
അടുത്ത മാമാങ്കത്തിന് നിങ്ങള്‍ക്കും ഒരു
തരക് വരും.
അകത്തെത്തിയാല്‍
എന്ത് ശീതളത!
പിന്നെ, വിളക്ക് കണ്ടെന്ന
തോന്നലായി.
വെളിച്ചമായി.
വാടക ജമന്തികളുടെ സൗരഭ്യമായി.
ഏതും സത്യമെന്ന നിര്‍വ്വാണമായി.””

1990 തൊട്ട് 1995 വരെയാണ് “കമ്മ്യൂണിസ്റ്റുകാര്‍” എന്ന ഈ സമാഹാരത്തിലെ കവിതകളുടെ ജനിതകം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുകളില്‍ രാഹുവും കേതുവും ഒരുമിച്ചപോലെയായിരുന്നു കാലാവസ്ഥ. മത പ്രത്യയശാസ്ത്രങ്ങളേക്കാള്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ ചുവടിറക്കമായിരുന്നുവത്. പലരും മുതലാളിത്തത്തെ പഴി പറഞ്ഞു. അമേരിക്കയുടെ ഗൂഢതന്ത്രങ്ങളെ കുറിച്ച് പ്രബന്ധരചനയുടെ ഘോഷയാത്രയായി. ഗ്ലാസ്‌നോസ്റ്റും പെരിസ്‌ത്രോയിക്കയും ബാര്‍ബര്‍ഷോപ്പ് ചര്‍ച്ചകളില്‍ വരെ നിറയാന്‍ തുടങ്ങി. “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുതെ”ന്ന താക്കീതായി. പാര്‍ട്ടിയുടെ അപ്രമാദിത്വം എന്നേ സ്ഥാപിക്കപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യമാണ് പിന്നീട് ഇന്ത്യ കണ്ടത്. പാര്‍ട്ടിയുടെ അപ്രമാദിത്വം വന്നാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ജനങ്ങള്‍ക്കുവേണ്ടി, അവരുടെ വിമോചനത്തിനുവേണ്ടി ഉണ്ടായ പാര്‍ട്ടി തിരിഞ്ഞു കൊത്തുന്നതിന് പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങള്‍ ആസ്ഥാന ബുദ്ധിജീവികളില്‍ നിന്ന് തിട്ടൂരങ്ങളായി പ്രവഹിച്ചു. ഇന്ന് പാര്‍ട്ടി “കാരണവരുടെ പത്തായ””മാണ്. “പത്തായമിപ്പോള്‍ തുറന്നു കിടക്കുന്നു. എലിയും ചിതലുമവിടം ഭരിക്കുന്നു. കാരണോര്‍തന്നെയൊരെലിയായിക്കഴിഞ്ഞതാണിപ്പോള്‍ ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത!””

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിതച്ച സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുന്നതുകണ്ട് കടുത്ത നിരാശയിലേയ്ക്ക് വഴുതി വീണുകൊണ്ട് “ഈ ദുഖകാലക്കരിയിലപ്പന്തലിന്നപ്പുറം സ്വച്ഛകാലത്തില്‍ വിരിക്കുവാന്‍ ഏതു മാന്ത്രികമെത്ത നിന്‍ കൈയ്യിലുണ്ടെ””ന്ന് വിതുമ്പലോടെ ഉമേഷ് ചോദിക്കുമ്പോള്‍ “ചോരച്ചാലുകള്‍ നീന്തിക്കയറിയും തൂക്കുമരങ്ങളിലൂഞ്ഞാലാടിയും” സ്വന്തം ജീവിതം നമുക്കായേകിയ ഒരു വലിയ തലമുറ ഒന്നൊന്നായി കണ്‍മുമ്പില്‍ ഈങ്ക്വിലാബ് മുഴക്കി മിന്നി മറയുന്നു, ചോദ്യ ശരങ്ങളായി, ചോദ്യചിഹ്നങ്ങളായി.

“കമ്മ്യൂണിസ്റ്റുകാര്‍” എന്ന ഈ കവിതാ സമാഹാരത്തിന്റെ ആദ്യ പതിപ്പ് ഈ അടുത്തകാലത്തായി മറിച്ചു നോക്കുകയുണ്ടായി. അതില്‍ കെ.ഇ.എന്നിന്റെ ഒരു പഠനമുണ്ട്, ഉമേഷ്ബാബുവിന്റെ കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച്. ഉമേഷിന്റെ ഈ വിലാപങ്ങളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പുറത്തെ ശത്രുക്കള്‍ക്കെതിരെ നിരത്തിയ ആയുധങ്ങളായി വ്യാഖ്യാനിച്ചുകൊണ്ട് പ്രസ്ഥാനത്തെ ന്യായവാദങ്ങള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാനുള്ള വ്യഗ്രതയായിരുന്നവത്. തന്റെ സൈദ്ധാന്തിക ചമയങ്ങളെ “കമ്മ്യൂണിസ്റ്റുകാര്‍” എന്ന ഈ സമാഹാരത്തിന്റെ മുഖത്ത് വെച്ചുകെട്ടാനുള്ള കരവിരുത് കെ.ഇ.എന്‍ അലസ്സലായി പയറ്റുന്നുണ്ട്. ഉമേഷിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് കെ.ഇ.എന്‍ തന്റെ സര്‍ക്കസ്സ് തകര്‍ത്താടുന്നത്. അതങ്ങനെതന്നെയായിരിക്കുമല്ലോ. സൈദ്ധാന്തിക സത്യസന്ധതയില്ലായ്മയുടെ മകുടോദാഹരണമായി കെ.ഇ.എന്നിനെ അടയാളപ്പെടുത്താം.

“ഭൂമിയിലെ നിരപ്പില്ലായ്മ തുടരുന്ന സമയത്ത്” യുവാക്കളായി നില്‍ക്കാന്‍ ത്രാണിയില്ലാത്തവരെ ഉമേഷ് അഭിസംബോധന ചെയ്യുന്നത്, “ഒരിക്കല്‍ യുവാക്കളായിരുന്ന ഇവര്‍ ഇപ്പോഴും നില്‍ക്കുന്നു, ഉലഞ്ഞുകൊണ്ട്. ഇപ്പോഴും നടക്കുന്നു, ഇടറിക്കൊണ്ട്. ഇപ്പോഴും മുഴക്കുന്നു, പതറിക്കൊണ്ട്”” എന്ന യാഥാര്‍ത്ഥ്യത്തോടെയാണ്. ഈ ചരിത്ര ദശാസന്ധിയില്‍ വെച്ചാണ്, ഈ ചരിത്ര പ്രതിസന്ധിയില്‍ വെച്ചാണ് മാക്‌സിം ഗോര്‍ക്കിയുടെ അമ്മയും ലെനിനും തമ്മില്‍ കണ്ടുമുട്ടാന്‍ ഉമേഷ് വേദിയൊരുക്കുന്നത്. കണ്ടപാടെ അമ്മയ്ക്ക് ലെനിനോട് പറയാനുണ്ടായിരുന്നത്, “നീ യെങ്ങള്‍ക്ക് എത്രയും വേണ്ടതുണ്ടിപ്പോള്‍”” എന്നാണ്. അമ്മയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്താണ്? “നമ്മള്‍ പൂജിച്ച മഹാവ്യക്തി ബിംബങ്ങള്‍, അതിനൊത്ത നിന്ദയായ് പിമ്പേ, അതിനാമോ വിപ്ലവമെന്നുപേര്‍, വ്ളദിമീര്‍” എന്ന അമ്മയുടെ മറുചോദ്യത്തിലൂടെ ഉമേഷ് മറുപടി പറയുന്നു. ഇത് ബാഹ്യ ശത്രുക്കള്‍ക്കെതിരെ തിരിച്ച കൂരമ്പുകളല്ല. മറിച്ച്, നമ്മളില്‍ തന്നെ നുഴഞ്ഞുകയറി, പെറ്റുപെരുകി, നമ്മുടെ കാഴ്ച്ചകളെ മായക്കാഴ്ച്ചകള്‍ കൊണ്ട് മറച്ച അന്യവര്‍ഗ്ഗ ചിന്താഗതിക്കെതിരെയുള്ള “പതറിയ ശബ്ദമാണ്, ഇടറിയ ചുവടുകളാണ്”, “പരാജയത്തിന്റെ മേലുദിച്ചുനില്‍ക്കുന്ന നിശബ്ദതയുടെ നിലാവാണ്.”” നമ്മുടെ തന്നെ ചുവരുകളില്‍ തൂക്കിയിട്ട പൈശാചികതയ്ക്കു നേരെയുള്ള ചൂണ്ടുപലയാണ്.

ഈയൊരു യാഥാര്‍ത്ഥ്യമാണ് “ചൂഷക സാമൂഹ്യക്രമങ്ങള്‍ ജനങ്ങള്‍ക്കെതിരെ നിരന്തരം നിര്‍വ്വഹിക്കുന്ന സമരങ്ങളോട് സമരസപ്പെട്ടും അതിനെ ചോദ്യം ചെയ്യുന്ന പ്രസ്ഥാനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തിയും കഴിയുന്നവരുടെ ആശ്വാസ കേന്ദ്രങ്ങളിലേയ്ക്ക്, നവകാല്‍പ്പനിക കമ്പോള ഭാവുകത്വ മണ്ഡല”ങ്ങളിലേയ്ക്ക്, അതിനെതിരെ തന്നെ ചിലച്ചുകൊണ്ട്, ഓടിക്കയറിയ കെ.ഇ.എന്നിന് കാണാന്‍ കഴിയാതെ പോയത്, അഥവാ ബോധപൂര്‍വ്വം, സൗകര്യപൂര്‍വ്വം മറവിയുടെ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ഇപ്പോഴും വിട്ടുമാറാത്ത സംശയം, ഉമേഷ്, എന്തിനാണ് നിങ്ങള്‍ “ഇപ്പോള്‍ ഗാന്ധിയെ പറയുന്ന, അഹിംസാ ഋതുക്കളിലെ പരിസ്ഥിതി ദ്യുതിയെ പറ്റി വാചാലമാവുന്ന, ഖദറിട്ട മലര്‍പ്പൊടികളെപ്പറ്റി പറയുന്ന, നൈതിക ധാര്‍ഷ്ട്യത്തിന്റെ മാനവഭാരത്തെ പറയുന്ന”” കെ.ഇ.എന്നിനെ പോലുള്ള കാരണവന്‍മാരുടെ ധൈഷണിക പത്തായങ്ങളെ സ്വന്തം ഗ്രന്ഥത്തില്‍ പേറിയത്? ആ തിരിച്ചറിവ് അന്നില്ലായിരുന്നുവെന്ന് പറയാന്‍ ഈ കവിതകള്‍ നിങ്ങളെ ഒരുതരത്തിലും അനുവദിക്കുകയില്ല.

നൈരാശ്യം പലപ്പോഴും പുരോഗമനത്തിലേയ്ക്കുള്ള കുഞ്ഞിടവേളകളായി എനിക്കനുഭവപ്പെടാറുണ്ട്. തുടര്‍ച്ചകളിലെ വിരാമങ്ങള്‍ കൂടിയാണവ. വിപ്ലവങ്ങള്‍ പോലെത്തന്നെ ഇത്തരം നൈരാശ്യങ്ങള്‍ പില്‍ക്കാല ഉണര്‍വ്വിനെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിനുള്ള ആവേശം ഈ നൈരാശ്യത്തിലും ഉമേഷ് സൂക്ഷിക്കുന്നുണ്ട്, ഉമിത്തീ പോലെ. അതുകൊണ്ടുതന്നെയാണ് ഗോര്‍ക്കിയുടെ അമ്മ നിലവ്‌ന, “ഇല്ലെനിക്കില്ല ഖേദങ്ങള്‍, നീ കണ്ടുവോ ഞാനിതാ, വീണ്ടും തുടങ്ങി”” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ മാര്‍ച്ചട്ട നീക്കി ഒളിപ്പിച്ച പുസ്തകക്കെട്ടുകള്‍ ലെനിന് കാട്ടിക്കൊടുക്കുന്നത്. ഇത് ഉമേഷിന്റെ, ഇടതുപക്ഷത്ത് നിലയുറപ്പിച്ച ഓരോ ചെറുപ്രാണിയുടെയും ദൗത്യമാണ്. കാരണം “ഭൂമിയില്‍ നിരപ്പില്ലായ്മ തുടരുക തന്നെയാണ്.”

“നഷ്ടങ്ങളില്ലാത്തോര്‍ മുന്നേറണം”” എന്ന “പഴയൊരാളുടെ” പാഠങ്ങളും “ഒക്കെയും നഷ്ടപ്പെടുത്തിയേ നിര്‍ത്താവൂ”” എന്ന പുതിയ തമ്പ്രാക്കന്മാരുടെ ശാഠ്യങ്ങളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം തന്നെയാണ് “കമ്മ്യൂണിസ്റ്റുകാര്‍”. വീടിനുള്ളില്‍ ബന്ധുക്കളായി കടന്നു കയറി അതിനെ മറിച്ചിട്ടിട്ട് “ഈ പോളിഞ്ഞ വീട് പണിതതാരാ””ണെന്ന് അലറി ചോദിക്കുന്നവരും “അസ്ഥിവാരം പണിഞ്ഞവന്‍ ഞാനാണ്. കെട്ടിടം പക്ഷേ മറിഞ്ഞു” എന്ന ലെനിന്റെ രോദനവും സമ്മാനിക്കുന്ന വൈരുദ്ധ്യത്തിന്റെ “നരകാഗ്‌നി”ക്കുള്ളില്‍ നിന്നുകൊണ്ട് “അലിവുകള്‍ കാഴ്ചകള്‍ കെടുത്തരുതൊട്ടും, എന്തേ ചതിച്ചതെവിടെയും നോക്കണം, ആദിതൊട്ടന്ത്യത്തിലോളം”” എന്നുള്ള ലെനിന്റെ താക്കീതാണ് ചുരുക്കത്തില്‍ ഉമേഷ്ബാബുവിന്റെ “കമ്മ്യൂണിസ്റ്റുകാര്‍”.

മുദ്രാവാക്യങ്ങള്‍ കവിതകളെങ്കില്‍ ഈ സമാഹാരത്തിലെ പല കവിതകളും കവിതകളാണ്! (ഒന്നുരണ്ടെണ്ണം ഒന്നാന്തരം കവിതകള്‍ തന്നെയാണ്). അതുകൊണ്ട് കാവ്യ ഭംഗിയുടെ അടിസ്ഥാനത്തില്‍ ഈ കവിതാ സമാഹാരത്തെ സമീപിക്കുന്നത് തികഞ്ഞ അബദ്ധമായിരിക്കും. അതല്ല ഉമേഷ്ബാബുവും  ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് “മാര്‍ക്‌സിസത്തെയും കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളെയും പറ്റി അതില്‍ തന്നാലാവും വിധം മുഴുകിയിരിക്കുന്ന ഒരാള്‍ നടത്തുന്ന കാവ്യാന്വേഷണങ്ങളാണ്”” ഈ കൃതിയെന്ന് ഉമേഷ് മുഖവുരയായി തന്നെ അടയാളപ്പെടുത്തുന്നത്. അപ്പോള്‍ അന്വേഷണങ്ങളാണ് മുഖ്യം. രാഷ്ട്രീയമാണ് വിലയിരുത്തപ്പെടേണ്ടത്. നൈരാശ്യമാണ് ഭാവമെങ്കിലും ഒരു ജനതയെ ചതിച്ചവരോട്, അവരെ ഒന്നുമറിയാത്ത പൈതങ്ങളായിക്കണ്ട് അടിമകളാക്കാന്‍ ശ്രമിക്കുന്നവരോട് “വിശപ്പ് എനിക്കുമുണ്ട്, എന്നാല്‍ ഈ ഇല ആര് വിരിച്ചുവെന്ന് നിങ്ങള്‍ പറയുന്നേയില്ല” എന്ന് ഉരുളയ്ക്കുപ്പേരിപോലെ തിരിച്ചടിച്ചുകൊണ്ട് യൂദാസന്‍മാരെ സൂചിമുനയില്‍ നിര്‍ത്താന്‍ ഈ കവിതാമാഹാരത്തിനാവുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more