[]വായനാശീലം മുതിര്‍ന്നവരെ പോലെ കുട്ടികളിലും ഉണ്ടാവേണ്ട കാര്യമാണ്. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു.[]
ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം വര്‍ദ്ധിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുടെ സംസാരം വ്യക്തമാകാനും വായനാശീലം സഹായിക്കും.
കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുവാന്‍ ഏറ്റവും സഹായിക്കാനാവുക മാതാപിതാക്കള്‍ക്കാണ്. ഇത് അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്. സമയത്തോടൊപ്പം ക്ഷമയും ഇതിനാവശ്യമാണ്.
വായനാശീലം ഉണ്ടാക്കിയെടുക്കാന്‍ രക്ഷിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ മുന്നില്‍ വച്ച് പത്രങ്ങളും മാസികകളും മാതാപിതാക്കള്‍ ഉറക്കെ വായിക്കുക. കുഞ്ഞുങ്ങളുടെ ശ്രദ്ധ ഇതിലേക്ക് തിരിയാന്‍ ഇതുപകരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉറക്കെ ഉച്ചരിക്കുക.
കുട്ടിക്ക് വാക്കുകള്‍ എളുപ്പം മനസിലാക്കുവാന്‍ ഇത് സഹായിക്കും. കുട്ടിക്ക് സംസാരിക്കാനോ ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കാനോ പ്രയാസമുണ്ടെങ്കില്‍ പറയുന്നത് ശ്രദ്ധിക്കാന്‍ പറയണം. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറയിക്കണം.
കഥകളും, ചിത്രങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നവരാണല്ലോ കുട്ടികള്‍. അതിനാല്‍ അവര്‍ക്ക് കഥാ, കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം. തനിയെ വായിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ വായിച്ചുകൊടുക്കണം. ചിത്രങ്ങളുള്ള പുസ്തകങ്ങളാണ് കുട്ടികളുടെ ശ്രദ്ധ പതിയാന്‍ നല്ലത്.
വായിക്കാന്‍ തുടങ്ങുന്ന കുട്ടിക്ക് വലിയ അക്ഷരങ്ങളില്‍ കുറച്ചുമാത്രം വാക്കുകളുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുക. ഒരുപാടു വരികളും ചെറിയ അക്ഷരങ്ങളുമുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ വായനാതാല്‍പര്യം കുറച്ചേക്കും.
കുട്ടികളേയും കൊണ്ട് പുറത്ത് പോകുന്ന സമയത്ത് പരസ്യബോര്‍ഡുകളിലെ വാക്കുകളും അക്ഷരങ്ങളും അവരെ കൊണ്ട് വായിപ്പിക്കുന്നത് അക്ഷരങ്ങളും,വാക്കുകളും മനസ്സില്‍ പതിയാന്‍ സഹായിക്കും.
ഒരു വാക്ക് പറഞ്ഞ് അത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ കുട്ടിയോടാവശ്യപ്പെടാം. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമായും വായിക്കാനുള്ള താല്‍പര്യം കുട്ടികളില്‍ വളര്‍ത്തും. വീട്ടിലെ സാധനങ്ങളില്‍ പേരെഴുതി ഒട്ടിക്കുക. ആവശ്യമുള്ള സാധനം കണ്ടുപിടിച്ചുകൊണ്ടു വരാന്‍ കുട്ടിയോടു പറയുക.
ടെലിവിഷനില്‍ പഠനപരിപാടികളുണ്ടെങ്കില്‍ കുട്ടിയില്‍ അത് കാണാനുളള താല്‍പര്യം വളര്‍ത്തിയെടുക്കുക. ഇത് വാക്കുകളുമായി പരിചയപ്പെടാന്‍ കുട്ടിയെ സഹായിക്കും. വായനാശീലം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നോര്‍ക്കുക. വായിക്കാന്‍ കുട്ടികളില്‍ താല്‍പര്യമുണ്ടാക്കുകയാണ് വേണ്ടത്.