| Monday, 29th July 2024, 9:45 pm

പാർലമെന്ററി നടപടിക്രമങ്ങൾ അറിയില്ലെങ്കിൽ വീണ്ടും വായിക്കുക; ലോക്സഭയിൽ രാഹുൽ ഗാന്ധിയോട് ഓം ബിർള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാർലമെൻ്ററി നടപടിക്രമങ്ങൾ അറിയില്ലെങ്കിൽ വീണ്ടും വായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ലോക്‌സഭാ സ്പീക്കർ ഓം ബിർള. കേന്ദ്ര ബജറ്റിലെ പ്രസംഗത്തിൽ ലോക്‌സഭാംഗങ്ങളല്ലാത്ത വ്യക്തികളെ കുറിച്ച് രാഹുൽ ഗാന്ധി പരാമർശിച്ചെന്നാരോപിച്ചാണ് ഓം ബിർളയുടെ ഉപദേശം.

‘നിങ്ങൾ പ്രതിപക്ഷ നേതാവാണ്. നിങ്ങൾ ആദ്യം ലോക്സഭയിലെ നടപടിക്രമങ്ങളെ കുറിച്ച് ഒരു തവണ കൂടി വായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ഓം ബിർള പറഞ്ഞു.

‘പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുകയാണ്. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും അടക്കമുള്ള ആറ് പേരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവൃത്തികളെല്ലാം ഈ വന്‍കിട വ്യവസായികളെ സംരക്ഷിക്കാന്‍ ഉള്ളതാണ്,’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കേന്ദ്ര ബജറ്റ് ഒരു ഹല്‍വയായിരുന്നെന്നും അതിന്റെ 97 ശതമാനവും ലഭിച്ചത് എ1, എ 2 ഉള്‍പ്പെടയുള്ള മിത്രങ്ങള്‍ക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ബാക്കിയുള്ള മൂന്നില്‍ ഓരോ ശതമാനം വീതം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും ലഭിച്ചെന്നുമാണ് രാഹുല്‍ പറഞ്ഞത്.

പരാമർശത്തിന് പിന്നാലെ സഭയിലില്ലാത്തവരെ കുറിച്ച പറയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സ്‌പീക്കർ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വിമർശനമുന്നയിച്ചു. പ്രതിപക്ഷ നേതാവെന്ന കാര്യം മറക്കരുതെന്നും ഓം ബിർള രാഹുൽഗാന്ധിയോട് പറഞ്ഞു.

രാജ്യത്തെ കർഷകരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു. എൻ.ഡി.എ ചെയ്യാത്ത കാര്യങ്ങൾ തങ്ങൾ കർഷകർക്കുവേണ്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Content Highlight: ‘Read parliamentary rules’: Om Birla tells Rahul Gandhi in Lok Sabha

We use cookies to give you the best possible experience. Learn more