ഗ്വാളിയോര്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. വഞ്ചകന്‍മാരാണ് സിന്ധ്യ കുടുംബത്തിലുള്ളവര്‍ എന്ന കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ പഥകിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിന്ധ്യയുടെ പ്രതികരണം.
വായില്‍ തോന്നിയത് വിളിച്ചുപറയുന്നതിന് മുമ്പ് ചരിത്രം പഠിക്കൂവെന്നായിരുന്നു സിന്ധ്യയുടെ വിമര്‍ശനം.
‘ഇതാണ് അവരുടെ ശീലം. 30 വര്‍ഷം എന്റെ പിതാവ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. 20 വര്‍ഷം കോണ്‍ഗ്രസിനോടൊപ്പം ഞാനും നിലകൊണ്ടു. അന്നൊന്നും ഈ നേതാക്കളൊന്നും വായ തുറന്ന് കണ്ടില്ല. വായില്‍ തോന്നിയത് വിളിച്ചുപറയുന്നത് മുമ്പ് ചരിത്രം വായിച്ചുനോക്കുന്നത് നന്നായിരിക്കും- സിന്ധ്യ പറഞ്ഞു.
നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥിനും ദിഗ് വിജയ് സിംഗിനുമെതിരെ സിന്ധ്യ രംഗത്തെത്തിയിരുന്നു. കമല്‍നാഥും ദിഗ് വിജയ് സിംഗും വോട്ടര്‍മാരെ വഞ്ചിക്കുന്നവരാണെന്നാണ് സിന്ധ്യ പറഞ്ഞത്.
അഴിമതി നിറഞ്ഞ സര്‍ക്കാരുകളെ നയിക്കുകയായിരുന്നു ഇരുവരുമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നും സിന്ധ്യ പറഞ്ഞിരുന്നു.
’28 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 27 ഉം കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. എന്നാല്‍ ഇവ കോണ്‍ഗ്രസിന് നഷ്ടമാകും. ബി.ജെ.പി നേടും’, സിന്ധ്യ പറഞ്ഞു.
നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സിന്ധ്യയും 22 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിന്ധ്യയും കൂട്ടരും പാര്‍ട്ടി വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക