ഗാലറികളുടേത് കൂടിയാണ് ലോകകപ്പ്
World cup 2018
ഗാലറികളുടേത് കൂടിയാണ് ലോകകപ്പ്
ജിനേഷ് പി കെ
Sunday, 1st July 2018, 5:22 pm
മൈതാനത്തിൽ കളിക്കുന്ന ഏതൊരു മത്സരയിനത്തിലേയും ജയപരാജയങ്ങളുടെ മേൽ മിക്കപ്പോഴും നേരിയതെങ്കിലും കാണികളുടെ കൂടെ സ്വാധീനമുണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെയാണ് പല താരങ്ങളും ടീമുകളും സ്വന്തം ഗ്രൗണ്ടിൽ കളിക്കുമ്പോൾ അതിശയകരമായ പ്രകടനം കാഴ്ചവെക്കാറുള്ളതും. ഫുട്‌ബോളിൽ ആരാധക കൂട്ടങ്ങളുടെ സാന്നിധ്യത്തിനുള്ള പ്രാധാന്യം ഒന്നു കൊണ്ട് മാത്രമാണ് ലോകത്തെ എല്ലാ പ്രധാന ഫുട്‌ബോൾ ലീഗുകളിലും പ്രത്യേകം ഹോം-എവേ മത്സരങ്ങൾക്ക് ടീമുകൾക്ക് അവസരം നൽകാറുള്ളതും.
ടീമുകളെ ശക്തമായ പോരാട്ടം കാഴ്ച്ച വെക്കുന്നതിനായി പ്രചോദിപ്പിക്കുന്നതിനൊപ്പം ചിലപ്പോഴെങ്കിലും പ്രതിരോധത്തിലുമാക്കാറുണ്ട് ടീമുകളുടെ സഞ്ചരിക്കുന്ന ആരാധകക്കൂട്ടങ്ങൾ. ഓരോ ടീമിന്റെയും ആരാധകക്കൂട്ടങ്ങൾ വസ്ത്രധാരണത്തിലും ശരീരത്തിൽ പൂശുന്ന ചായങ്ങളിൽ പോലും ടീമുമായി യോജിപ്പ് കാണിക്കുവാൻ ഉതകുന്ന സമാനത കൊണ്ടുവരുന്നതിനോടൊപ്പം പ്രത്യേക തരം ആരവങ്ങൾ, കൈയ്യടികൾ, ഗാലറികളിലെ ചില തരം ചേഷ്‌ടകൾ എന്നിവ കൊണ്ടു പലപ്പോഴും ലോകമാസകലമുള്ള ഫുട്‌ബോൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. പന്തിനൊപ്പം പായുന്ന ഗാലറികളിലെ അത്തരം ആരവങ്ങളേയും ഓളങ്ങളെയും കുറിച്ചു കൂടി പറയാതെ എങ്ങനെയാണ് ലോകകപ്പ് ചർച്ചകൾ പൂർണ്ണമാവുക. ?
മെക്സിക്കൻ തിരമാല

ഫുട്‌ബോൾ ഗാലറികളെക്കുറിച്ച് ഓർക്കുന്ന ഏതൊരാളിന്റെയും മനസ്സിൽ ആദ്യം ഓടിയെത്തുക ഒരു പ്രത്യേക താളത്തിൽ ഗാലറിയുടെ ഒരു കോണിൽ നിന്നും ഉച്ചസ്ഥായിയിലുള്ള ആർപ്പു വിളികളോടെ ആരംഭിച്ച് ഉയർന്നു താഴുന്ന കൈകൾ ഗാലറി മുഴുവൻ സഞ്ചരിക്കുന്ന ആ മനോഹര കാഴ്ച തന്നെയാവും. ലോകത്തെവിടെ ഏത് കോണിൽ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടന്നാലും ഒരു മത്സരത്തിനിടെയെങ്കിലും മെക്സിക്കൻ തിരമാല ഉയരാതിരിക്കില്ല ഗാലറിയിൽ എന്നത് നൂറ് ശതമാനം ഉറപ്പാണ്. അമേരിക്കയിലെ സർവ്വകലാശാലാതല ബേസ്ബോൾ ടൂർണ്ണമെന്റിൽ ആണ് മെക്സിക്കൻ തിരമാലയുടെ ഉത്പത്തിയെന്നും അതല്ല US ലെ തന്നെ ഫുട്ബോൾ ടൂർണമെന്റിൽ ആണ് എന്നും പലതരം വാദഗതികൾ ഉണ്ടെങ്കിലും, ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെക്സിക്കൻ തിരമാലകളെ ലോകം ദർശിച്ചത് 1986ലെ മെക്സിക്കോ ലോകകപ്പിൽ ആയിരുന്നു. മെക്സിക്കോ ലോകകപ്പിലെ പല മത്സരങ്ങൾക്കിടെയും കാണികൾ ആഘോഷിച്ച  തിരമാല ആയതു കൊണ്ട് തന്നെ ലോകം മെക്സിക്കൻ തിരമാല എന്ന പേരിൽ ആ ആഘോഷത്തെ ഏറ്റെടുക്കുകയും ചെയ്യുകയാണുണ്ടായത്.



Viking Clap
ഫുട്‌ബോൾ കാണികളുടെ ഇടയിൽ മെക്സിക്കൻ തിരമാലയോളം തന്നെ സ്വീകാര്യതയുള്ള Viking Clap ഐസ്‌ലണ്ടിന്റെ സംഭാവനയാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ കണക്കെടുത്താൽ കേരളത്തിലെ ഒരു ജില്ലയുടെ പോലും വലുപ്പം അവകാശപ്പെടാനില്ലായെങ്കിലും 2016 യൂറോ കപ്പിലും ഈ ലോകകപ്പിലെ അർജന്റീനയുമായുള്ള മത്സരത്തിലുമെല്ലാം ഏവരെയും അതിശയിപ്പിച്ച പ്രകടനം ആയിരുന്നു ഐസ്ലാന്റ് കാഴ്ച വെച്ചത്. 2016 യൂറോയിലെ ടീമിന്റെ മിന്നും പ്രകടനങ്ങൾക്ക് അകമ്പടി വന്ന ആരാധകക്കൂട്ടമാണ് വൈക്കിംഗ് ക്ലാപ്പ് ഒരു അന്താരാഷ്ട്രവേദിയിൽ ആദ്യമായി പരിചയപ്പെടുത്തുന്നത്.
ഒരു ഡ്രം ബീറ്റിനൊപ്പം കാണികൾ ഒന്നാകെ ഒരേ താളത്തിൽ വായ കൊണ്ട് “ഹൂഹ്” എന്ന ശബ്ദമുണ്ടാക്കി ഒരു തവണ കൈകൾ ഉയർത്തി കൊട്ടുന്നു. പിന്നീട് ഡ്രം ബീറ്റിന്റെ എണ്ണം കൂടുന്നതിനൊപ്പം കൈയ്യടികളുടെ എണ്ണവും വർദ്ധിച്ചു കൊണ്ടേയിരിക്കുന്നതാണ് വൈക്കിങ് ക്ളാപ്പിന്റെ രീതി. അന്താരാഷ്ട്ര ഫുട്‌ബോൾ വേദിയിൽ ഐസ്ലാന്റ് ആരാധകർ ആണ് വൈക്കിങ് ക്ലാപ് അവതരിപ്പിച്ചതെങ്കിലും, യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങൾക്കിടെ സ്‌കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ മദർവെൽ എഫ് സിയുടെ ആരാധകർ ആണ് ആദ്യമായി വൈക്കിങ് ക്ലാപ്പ് ലോകത്തിനു പരിചയപ്പെടുത്തുന്നത്. അന്ന് മദർവെല്ലിനെതിരെ കളിച്ച ഐസ്ലാന്റ് ടീമായ സ്ജാർനനിന്റെ ആരാധകർ അതിനെ ഏറ്റെടുക്കുകയും പിന്നീട് ഐസ്ലാന്റ് ഫുട്‌ബോൾ ആരാധകരിലെത്തുകയുമാണ് ചെയ്തത്. അഥവാ പേരിൽ മാത്രമാണ് ഐസ്ലണ്ടനിലെ പൗരാണികരായ വൈക്കിങ് നാവികരുടെ യുദ്ധകാഹളവുമായി ഈ രീതിയ്ക്ക് ബന്ധമുള്ളത് എന്നർത്ഥം.

2016 യൂറോ മുതൽ പല മത്സരങ്ങളുടെ ശേഷവും കാണികൾക്കൊപ്പം കൈയ്യടിക്കാൻ ഐസ്ലാന്റ് ടീമും ചേരുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. യൂറോയിൽ ക്വാർട്ടർ വരെയെത്തി ചരിത്രം സൃഷ്ടിച്ച് നാട്ടിൽ മടങ്ങിയെത്തിയ ടീമിനെ ആരാധകർ എതിരേറ്റതും വൈക്കിങ് കയ്യടികളോടെയായിരുന്നു. ഐസ്ലന്റിൽ നിന്നും പിന്നീട് വൈക്കിങ് കയ്യടികളെ വേൽസ്, ഫ്രാൻസ്, ജർമ്മനി അടക്കമുളള യൂറോപ്പ്യൻ ടീമുകളുടെ ആരാധകരും ഏറ്റെടുത്തു.



വുവുസേല വിളി

ദക്ഷിണാഫ്രിക്കൻ ജനതയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ ഒരു തരം കുഴൽ ആണ് വുവുസേല. ഉച്ചസ്ഥായിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണമാണ് എന്നതിനാൽ മനുഷ്യന്റെ കേൾവിയെ തന്നെ തകരാറിലാക്കും എന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് 2009ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ഫിഫ കോണ്ഫെഡറേഷൻ കപ്പിൽ വുവുസേല ആദ്യമായി ഗാലറിയിലെത്തിയത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വുവുസേല വിലക്കാൻ ഫിഫ തീരുമാനിച്ചിരുന്നെങ്കിലും ആഫ്രിക്കൻ ജീവിതത്തിന്റെ ഭാഗമായ വുവുസേലയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കൻ അധികൃതർ ശക്തമായി വാദിച്ചതിനെ തുടർന്നാണ് വുവുസെലയ്ക്ക് അനുമതി ലഭിച്ചത്. താരങ്ങൾ അടക്കമുള്ളവർ വുവുസെലയെ എതിർത്തത്തോടെ ഇന്ത്യയിൽ നടന്ന 2017 അണ്ടർ 17 ലോകകപ്പ് അടക്കമുള്ള പല വേദികളിലും വുവുസേല വിലക്കിയിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും 2010 ലോകകപ്പ് ബാക്കി വെച്ച ഏറ്റവും വലിയ ഓർമ്മകളിലൊന്ന് വുവുസെലയുടെ ശബ്ദം തന്നെയാവും.



ഹൂളിഗനുകൾ
ഹൂളിഗനുകൾ എന്ന പേരിൽ അറിയപ്പെടുന്നതും ഒരു കൂട്ടം ഫുട്‌ബോൾ ആരാധകർ തന്നെയാണ്, പക്ഷേ ഇവർ പലപ്പോഴും ഗാലറികളിൽ ആക്രമണം അഴിച്ചിടുന്ന കൂട്ടർ ആണെന്ന് മാത്രം. സ്വന്തം ടീമുകളോടുള്ള അതിരുകവിഞ്ഞ ആരാധന കാരണം എതിർ ടീമിന്റെ ആരാധകരെ കൈയ്യേറ്റം ചെയ്യൽ, സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുക, പരസ്പരം തെരുവ് യുദ്ധം നടത്തുക എന്നിവയെല്ലാം ഹൂളിഗണുകളുടെ കാര്യത്തിൽ നിത്യസംഭവങ്ങൾ മാത്രമാണ്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഒട്ടുമിക്ക ക്ലബുകളുടെ ആരാധകകൂട്ടങ്ങളിലും ഹൂളിഗന്മാർ ഉണ്ടെങ്കിലും ലോകകപ്പിൽ കാര്യമായ പ്രശ്നം ഉണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഹൂളിഗൻ ആർമികൾക്ക്  കുപ്രസിദ്ധമാണ് റഷ്യയെങ്കിലും ഭരണാധികാരികൾ പുലർത്തിയ കർശന നിഷ്കർഷ കാരണം ഈ ലോകകപ്പിൽ ഇതു വരെയും അനിഷ്ടസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.
ജപ്പാൻ-സെനഗൽ ആരാധകരുടെ വൃത്തിബോധം
ഈ വർഷത്തെ ലോകകപ്പിനിടെ ഗാലറികളിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച ഏത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ ഇതുവരെ. അത് സെനഗൽ, ജപ്പാൻ ആരാധകർ ലോകത്തിനു കാണിച്ചു കൊടുത്ത മാതൃകയാണ്. ലീഗ് റൗണ്ടിലെ മൂന്ന് മൽസരങ്ങൾക്ക് അവസാനവും ഗ്രൗണ്ടിലെ മാലിന്യങ്ങൾ മുഴുവൻ മത്സരം തുടങ്ങും മുൻപേ കരുതിയിരുന്ന നീലബാഗുകളിൽ ശേഖരിച്ചാണ് അവർ മടങ്ങിയത്.  ജപ്പാൻ-സെനഗൽ മത്സര ദിവസം ജാപ്പനീസ് ആരാധകരുടെ കൂടെ ഗാലറി വൃത്തിയാക്കാൻ സെനഗൽ ആരാധകർ കൂടെ ചേരുന്നതും കാണാമായിരുന്നു. തുടർന്നുള്ള സ്പോർട്സ് ഇവന്റുകളിൽ ബാക്കി ടീമുകളുടെ ആരാധകർ കൂടി ഈ മാതൃക പിന്തുടരും എന്നു തന്നെ നമുക്ക് കരുതാം.
മൊബൈൽ ടോർച്ച് ഫ്‌ളാഷ് ചെയ്യൽ, ആഫ്രിക്കൻ-ബ്രസീൽ ആരാധകരുടെ നൃത്തങ്ങൾ ഒക്കെയടക്കം നിരവധി നല്ല നിമിഷങ്ങൾക്ക് ഗാലറികൾ സാക്ഷ്യം വഹിക്കാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും കളിക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന ചില പ്രവർത്തനങ്ങളും ഗാലറികളിൽ ഉടലെടുക്കാറുണ്ട്. ഗാലറികളിൽ നിന്നുള്ള വിസിലടികൾ റഫറിയുടേതാണെന്നു തെറ്റിദ്ധരിച്ച് കളിക്കാർ പന്തു കൈകൊണ്ട് പിടിച്ച സന്ദർഭങ്ങൾ മുതൽ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിയുന്നത് വഴി ഉണ്ടാവുന്ന അപകടങ്ങളും വരെ ഇതിൽ പെടും. ഗ്രൗണ്ട് സ്റ്റാഫായ യുവതിയെ നോക്കി മലയാളി ആരാധക കൂട്ടം ചെണ്ട കൊട്ടി ” മാലിനിയുടെ തീരത്ത്..” പാടിയ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നല്ലോ. ആ പെണ്കുട്ടിയുടെ ചിരി ഒരു സൂചനയായി കരുതി അവർ ആ സംഭവം നന്നായി ആസ്വദിച്ചു എന്ന് തന്നെ നമുക്ക് വിശ്വസിക്കാം (?), പക്ഷേ പെൺകുട്ടികളെ നോക്കിയുള്ള കമന്റടിയേയും തുറിച്ചു നോട്ടത്തെയും എല്ലാം തെറ്റായി നോക്കി കാണുന്ന ഒരു പരിഷ്കൃത സമൂഹം എന്ന നിലയ്ക്ക് വീഡിയോ ആസ്വദിച്ചവരെങ്കിലും തങ്ങളുടെ സ്ത്രീകളോടുള്ള മനോഭാവത്തെക്കുറിച്ച് ഒന്നു കൂടി ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും.