കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഒത്തൊരുമ പ്രകടമാക്കുന്ന തരത്തിലാണ് കര്‍ണാടകയില്‍ എത്രയും പെട്ടെന്ന് തന്നെ മന്ത്രിസഭ അധികാരമേല്‍ക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ബി.ജെ.പിയും സി.പി.ഐ.എമ്മും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ ദിവസങ്ങളും ആഴ്ചകളും എടുക്കുമ്പോഴാണ് കോണ്‍ഗ്രസ് വളരെ പെട്ടെന്ന് അസ്വാരസ്യങ്ങളൊന്നുമില്ലാതെ മന്ത്രിസഭ രൂപീകരിക്കുന്നത് എന്നും കെ. സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചരണങ്ങളെയും തള്ളിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സുശക്തമായ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന കര്‍ണാടകയിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും കെ. സുധാകരന്‍ പറഞ്ഞു.
ഒരുമിച്ച് പോരാടി നേടിയതാണ്, ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കൈ ഉയര്‍ത്തി നില്‍ക്കുന്ന ഫോട്ടോയും ഷാഫി വരികള്‍ക്കൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തന്റെ റോള്‍ വളരെ ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് കര്‍ണാടകയിലെ തീരുമാനവുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്നത്. സിദ്ധരാമയ്യയെയും ഡി.കെ.ശിവകുമാറിനെയും ഒരു മേശക്ക് ഇരുവശവും ഇരുത്തി ഭക്ഷണം കഴിക്കുന്ന കെ.സി. വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ചാണ് ടി. സിദ്ദീഖ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറുമെന്നും നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുക.
ലോകസഭ തെരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്നും വേണുഗോപാല്‍ അറിയിച്ചു. ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്തുക്കളാണെന്നും മുഖ്യമന്ത്രിയാകാനുള്ള ഇരുവരുടേയും ആഗ്രഹം തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
content highlights: Reactions of Congress leaders from Kerala on deciding the Chief Minister in Karnataka