| Thursday, 22nd October 2020, 9:47 am

'അധാര്‍മിക ബന്ധങ്ങള്‍' സ്വീകരിക്കുന്നതിനെ സഭ പിന്തുണയ്ക്കില്ല'; സ്വവര്‍ഗാനുരാഗികളെക്കുറിച്ച് ദീര്‍ഘകാലമായി പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധം; മാര്‍പാപ്പയുടെ തീരുമാനത്തിന് പിന്നാലെ എതിര്‍പ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അവര്‍ ദൈവത്തിന്റെ മക്കളാണ്, സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരു കുടുംബത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകളെ അഭിന്ദിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള നിരവധിപേരാണ് രംഗത്തെത്തിയത്. ചരിത്രപരമായ തീരുമാനമെന്നാണ് അദ്ദേഹത്തിന്റെ നിലപാടിനെ പൊതുവേ വിലയിരുത്തപ്പെട്ടത്. മാര്‍പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിരുന്നു.

എന്നാല്‍, മാര്‍പാപ്പയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം.

സ്വവര്‍ഗാനുരാഗികളെക്കുറിച്ച് സഭ ദീര്‍ഘകാലമായി പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് മാര്‍പാപ്പയുടെ നിലപാടെന്നാണ് ഇവര്‍ പറയുന്നത്.

”മാര്‍പ്പാപ്പയുടെ പ്രസ്താവന സ്വവര്‍ഗാനുരാഗികളെക്കുറിച്ച് സഭ ദീര്‍ഘകാലമായി പഠിപ്പിച്ചുവന്നതിന് വിരുദ്ധമാണ്,” റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലെ ബിഷപ്പ് തോമസ് തോബിന്‍ മാര്‍പാപ്പയുടെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. അധാര്‍മിക ബന്ധങ്ങള്‍ സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കാന്‍ സഭയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പ ”ഗുരുതരമായ തെറ്റ് ചെയ്തു, എന്നാണ് ന്യൂയോര്‍ക്ക് അതിരൂപതയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ എഡ് മെക്മാന്‍ പ്രതികരിച്ചത്.

സ്വവര്‍ഗ്ഗാനുരാഗികളോട് മാന്യതയോടും ആദരവോടും കൂടി പെരുമാറണമെന്നും എന്നാല്‍ സ്വവര്‍ഗരതി ”അന്തര്‍ലീനമായ തകരാറാണ്” എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നതെന്നും വത്തിക്കാനിലെ ഉപദേശക കാര്യാലയത്തില്‍ നിന്നുള്ള 2003 ലെ ഒരു രേഖയില്‍ സ്വവര്‍ഗ്ഗാനുരാഗികളോടുള്ള സഭയുടെ ബഹുമാനം സ്വവര്‍ഗരതിയെ അംഗീകരിക്കുന്നതിനോ സ്വവര്‍ഗ യൂണിയനുകളെ നിയമപരമായി അംഗീകരിക്കുന്നതിലേക്കോ നയിക്കാനാവില്ലെന്നും പറയുന്നതായി വിമര്‍ശകര്‍ പറയുന്നു.

സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് കല്യാണമെന്ന സ്ഥാപനത്തെ തന്നെ താറുമാറാക്കുന്നതാണ് എന്നും വിമര്‍ശകര്‍ പറയുന്നു.

മാര്‍പാപ്പയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആള്‍ക്കാറും ഫ്രാന്‍സിസ് മാര്‍പ്പയുടെ തീരുമാനത്തെ വിപ്ലവകരമായ നിലപാടെന്നാണ് വിശേഷിപ്പിക്കുന്നത്.

നിങ്ങള്‍ക്ക് ഒരാളെ ഒരു കുടുംബത്തില്‍ നിന്ന് പുറത്താക്കാനോ അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കാനോ കഴിയില്ലെന്നും നമുക്കുള്ളത് ഒരു സിവില്‍ യൂണിയന്‍ നിയമമാണ്; അതുവഴി അവ നിയമപരമായി പരിരക്ഷിക്കപ്പെടുന്നുവെന്നുമാണ് സ്വവര്‍ഗബന്ധത്തെ പിന്തുണച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞത്.

വിവേചനത്തിനെതിരായ മൗലിക അവകാശങ്ങളുടെ വ്യക്തമായ പ്രതിനിധാനമാണെന്നും എല്‍.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ മാര്‍പാപ്പയുടെ പ്രഖ്യാപനം വളരെയധികം സഹായിക്കുമെന്നുമാണ് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞത്.

ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്‍.ജി.ബി.ടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാര്‍പാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ ആദ്യമായാണ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പ എല്‍.ജി.ബി.ടി വ്യക്തികളുടെ വിഷയത്തില്‍ പരസ്യ നിലപാടെടുക്കുന്നത് ആദ്യമായാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജെയിംസ് മാര്‍ട്ടിനും പറഞ്ഞിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ കുടുംബ ബന്ധത്തിനുള്ള അവകാശങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല.

മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗേയായ വ്യക്തി പുരോഹിതനാകുന്നതിനോടുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ഇതെല്ലാം വിധിക്കാന്‍ താന്‍ ആരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സെപ്തംബറില്‍ എല്‍.ജി.ബി.ടി കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളുടെ മക്കള്‍ എങ്ങിനെയാണോ അതുപോലെ ദൈവം അവരെ സ്‌നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pope  Francis about same sex marriage and Homosexuality

We use cookies to give you the best possible experience. Learn more