തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും മറ്റ് ഘടകകക്ഷിയുടെയും ശക്തമായ പിന്തുണയുണ്ടെങ്കിലും കോഴ ആരോപണം കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് വന്‍ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ മാണിയ്‌ക്കെതിരെ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന് ആശ്വാസമാണ്. അതേസമയം, മുന്നണി മാറ്റ ഭീഷണി മുഴക്കി യു.ഡി.എഫില്‍ കാര്യം നേടുകയെന്ന മാണി തന്ത്രത്തിന് ഈ ആരോപണം വന്‍ തിരിച്ചടിയാകും.
ഈ വിഷയത്തില്‍ വളരെ ശ്രദ്ധയോടെയാണ് സി.പി.ഐ.എം ഇടപെട്ടത്. സാധാരണയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതിന് പിന്നാലെ ശക്തമായി രംഗത്തെത്താറുള്ള സി.പി.ഐ.എം നേതാക്കളില്‍ പലരും ഇത്തവണ കുറേയേറെ ആലോചിച്ചു.
മാണിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ശരിവെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ഇന്ന് ഉച്ചയോടെയാണ് വന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മാണിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ തയ്യാറല്ല എന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മാണിയ്ക്ക് മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി കെ.ബാബുവിനും ഈ വിഷയത്തില്‍ പങ്കുണ്ടെന്നും പിണറായി പറഞ്ഞു.
മാണിയെ ഒറ്റപ്പെടുത്താനില്ലെന്നതിന് പിണറായി പറയുന്ന ന്യായം ഇതാണ്, ഈ വിഷയം കൊണ്ട് മുഖ്യമന്ത്രിക്കാണ് രാഷ്ട്രീയ നേട്ടമുണ്ടായത്. കാരണം കെ.എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ഭീഷണി ഇനി വിലപ്പോകില്ലെന്ന ആശ്വാസം മുഖ്യമന്ത്രിയ്ക്കുണ്ടെന്നാണ് പിണറായി പറഞ്ഞത്. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാണിയ്‌ക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പിണറായി പറയാതെ പറഞ്ഞുവെക്കുന്നത്. വേണമെങ്കില്‍ അതില്‍ പ്രതിയായി ഉമ്മന്‍ചാണ്ടിയേയും ചൂണ്ടിക്കാണിക്കുന്നു.
ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐ.എം പറയുമ്പോഴും അത് ഏത് തരത്തിലുള്ളതാവണമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായമില്ല. സി.ബി.ഐ അന്വേഷണം വേണമെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന അഭിപ്രായമാണ് പി.ബി അംഗം എം.എ ബേബി പ്രകടിപ്പിച്ചത്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പിണറായി ആകട്ടെ അത് ഏതുതരത്തിലുള്ളതാവണമെന്ന് പിന്നീട് പറയാമെന്നാണ് പറഞ്ഞത്.
കോണ്‍ഗ്രസ് ഭാഗത്ത് നിന്നും മുഖ്യമന്ത്രി മാണിയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഈ വിഷയത്തിന്റെ സത്യാവസ്ഥ തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു അന്വേഷണവും നടത്താനുദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാണിയെ വിശ്വാസമാണെന്ന സമീപനമാണ് കെ.പി.സി.സി അധ്യക്ഷനും സ്വീകരിച്ചത്.
അതേസമയം, കോഴ ആരോപണങ്ങളോട് കെ.എം മാണി പ്രതികരിക്കണമെന്ന നിലപാടുമായി ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ സമീപനത്തെ കെ.പി.സി.സിയും മുഖ്യമന്ത്രിയും വിമര്‍ശിച്ചിട്ടുണ്ട്.
ഒറ്റപ്പെടുത്തിയുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നില്ലെങ്കിലും മാണിക്ക് ഈ ആരോപണം വന്‍ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. മാണിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇനി യു.ഡി.എഫില്‍ വിലപ്പോകില്ലെന്നത് തന്നെയാണ് ഏറ്റവും വലിയ നഷ്ടം.