കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അനാസ്ഥ നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ നിരപരാധികള്‍ ശിക്ഷിപ്പെടരുതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രക്രിയ നടക്കുമ്പോള്‍ ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാതലത്തില്‍ 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കാര്യത്തില്‍ ഒരു അനാസ്ഥ നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം അത് ആര് ചെയ്തു എന്നത് കൃത്യമായി അറിയേണ്ടതുണ്ട്. എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ഒപ്പീനിയന്‍ പ്രകാരം മാത്രമേ അത് കണ്ടെത്താനാകൂ. അവരുടെ കണ്ടെത്തലുകള്‍ക്ക് മാത്രമേ നിയമ സാധുതയുള്ളൂ. പൊലീസിന് കേസ് ചാര്‍ജ്ജ് ചെയ്യാനും അതുമായി മുന്നോട്ട് പോകാനും അവകാശമുണ്ട്. എന്നാല്‍ നിയമത്തിന് മുന്നില്‍ അതിന് സാധുതയുണ്ടാകുമെന്ന് ഐ.എം.എ കരുതുന്നില്ല,’ ഡോ. സുല്‍ഫി നൂഹ് പറഞ്ഞു.
ഹര്‍ഷിനക്ക് നീതി കിട്ടണമെന്ന് തന്നെയാണ് തുടക്കം മുതല്‍ ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാറിന്റെയും നിലപാടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് 24 ന്യൂസിനോട് പറഞ്ഞു. ആരാണ് കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ഹര്‍ഷിനക്ക് നീതി കിട്ടുന്നു എന്ന നിലപാടിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. രണ്ടോ മൂന്നോ ആളുകളില്‍ നിന്നുണ്ടാകുന്ന പിഴവ് ഒരു സിസ്റ്റത്തിന്റെ മൊത്തെ പിഴവായി കാണാനാകില്ലെന്നും ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ അന്വോഷണം സര്‍ക്കാരും മന്ത്രി സഭയും തീരുമാനിച്ചതാണ്.
പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്ന് സമരപ്പന്തലില്‍ വെച്ച് ഹര്‍ഷിന പ്രതികരിച്ചു. ഇതുവരെയും പറഞ്ഞ കാര്യം സത്യമാണെന്ന് തെളിയിക്കുന്നതാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. പൊലീസ് സത്യ സന്ധമായാണ് കേസ് അന്വേഷിച്ചത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള അന്വേഷണങ്ങള്‍ പ്രതികൂലമായത്. ഇനി ആരോഗ്യ മന്ത്രി പറഞ്ഞ വാക്ക് പാലിക്കാണം. എവിടെ നിന്നാണ് വീഴ്ച പറ്റിയത് എന്ന് വ്യക്തമായ സ്ഥിതിക്ക് ഇനി നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ആരോഗ്യ മന്ത്രി തീരുമാനമെടുക്കണം,’ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലെ സമരപ്പന്തലില്‍ വെച്ച് ഹര്‍ഷിന പറഞ്ഞു.
ഇന്നാണ് കോഴിക്കോട് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2017ല്‍ ഹര്‍ഷിനക്ക് മൂന്നാം ശസ്ത്രക്രിയ നടക്കുന്ന സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍മാരും നഴ്‌സുമാരും.
CONTENT HIGHLIGHTS; Reaction of Health Minister, IMA President and Harshina on incident of scissors getting stuck in stomach during surgery