| Friday, 24th April 2020, 10:26 am

'ഇത് യു.പി മോഡല്‍'; ക്വാറന്റൈനിലിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വൃത്തിഹീനമായ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്; വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും താമസിപ്പിച്ചത് വൃത്തിഹീനമായ സാഹചര്യത്തില്‍. ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ വിവാദമായതിനെ തുടർന്ന് അവരെ ആരോഗ്യ വകുപ്പ് ഗസ്റ് ഹൗസിലേക്ക് മാറ്റി

സര്‍ക്കാര്‍ സ്‌കൂളിലാണ് ആദ്യം ആരോഗ്യ പ്രവര്‍ത്തകരെ താമസിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ 25ഓളം വരുന്ന പാരാമെഡിക്കല്‍ ജീവനക്കാരെ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റുകയായിരുന്നു. ദ ഹിന്ദുവാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടു ചെയ്തത്.

ബുധനാഴ്ച വൈകുന്നേരം വരെ റായ്ബറേലിയില്‍ മാത്രം 43 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് വീഡിയോയില്‍ ഇവര്‍ക്ക് നല്‍കിയ മോശം സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം ക്വാറന്റൈനിലുമാണ് ഇവര്‍.

ആരോഗ്യ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തുന്നയാള്‍ വീഡിയോയില്‍ ഒരു മുറിയില്‍ നാലു കിടക്കകളിലായാണ് തങ്ങള്‍ കിടക്കുന്നതെന്നും. ഇത് പുലര്‍ച്ചെ മൂന്നുമണിയാണെന്നും അവിടെ വൈദ്യുതിയില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

‘ഇത് പുലര്‍ച്ചെ മൂന്നു മണിയാണ്, വൈദ്യുതിയില്ല, ഫാന്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതാണ് ഞങ്ങള്‍ക്ക് അനുവദിച്ച ഫൈവ്സ്റ്റാര്‍ സൗകര്യം,’ ആരോഗ്യ പ്രവര്‍ത്തകന്‍ പറയുന്നു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ക്വാറന്റൈനിലുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്, വൃത്തിയായി പൊതിയാത്ത എണ്ണമയം കൂടുതലുള്ള ഭക്ഷണമാണെന്ന് മറ്റൊരു വീഡിയോയില്‍ പറയുന്നു.

വ്യക്തി സുരക്ഷാ കവചം അണിഞ്ഞ് നില്‍ക്കുന്ന മറ്റൊരു ആരോഗ്യ പ്രവര്‍ത്തകന്‍ തന്റെ വീഡിയോയില്‍ ചോദിക്കുന്നത് ഇതാണോ ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് ലഭിക്കേണ്ട സുരക്ഷിതത്വം എന്നാണ്.

‘ആക്ടീവ് ക്വാറന്റൈന് വിപരീതമായാണ് ഇവിടെയെല്ലാം നടക്കുന്നത്. ഭക്ഷണമെത്തുന്നത് വൈകിയാണ്, വെളിച്ചമില്ല, വെള്ളത്തിന്റെ ഒരു ബോട്ടിലാണ് എല്ലാവരും ഉപയോഗിക്കുന്നത്,’ ആരോഗ്യ പ്രവര്‍ത്തകന്‍ പറയുന്നു.

ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് ഒറ്റമുറിയും ശുചിമുറികള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍ തങ്ങള്‍ ശുചിമുറികള്‍ പങ്കുവെക്കുകയാണെന്നും യാതൊരു തരത്തിലുമുള്ള സുരക്ഷിതത്വവും ഉറപ്പാക്കുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ വീഡിയോയില്‍ വിശദീകരിക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ വിവാദമായതിനെ തുടര്‍ന്ന് ഇവരെ ശുചിമുറികളുള്ള ഒറ്റമുറികളിലേക്ക് മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more